ഏറ്റെടുത്ത സ്ഥലത്തിന് തുക ലഭ്യമായില്ല, സബ് കലക്ടറുടെ വാഹനം ജപ്തി ചെയ്തു

0
244

കാഞ്ഞങ്ങാട് ∙ 19 വർഷം മുൻപ് പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരമായി ലഭിക്കേണ്ട ബാക്കി തുക സർക്കാർ നൽകാതിരുന്നതിനെ തുടർന്ന് ഉടമയുടെ പരാതിയിൽ സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. ഹൊസ്ദുർഗ് സബ്കോടതി ജഡ്ജി എം.ആന്റണിയുടെ ഉത്തരവിൽ സബ് കലക്ടറുടെ കെഎൽ 14 എക്സ് 5261 നമ്പർ വാഹനമാണ് പൊലീസ് സഹായത്തോടെ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയത്.

3 ലക്ഷത്തോളം രൂപ വാഹനം ജപ്തി ചെയ്ത് സ്ഥലമുടമകൾക്ക് നൽകാനാണ് കോടതി വിധി. 2003ലാണ് ബേക്കൽ ബീച്ച് പാർക്കിനായി പള്ളിക്കര സ്വദേശികളായിരുന്ന സഹോദരങ്ങൾ‌ സോമനാഥൻ, ഭാസ്കരൻ, രാമചന്ദ്രൻ എന്നിവരുടെ കുടുംബ സ്വത്ത് സർക്കാർ ഏറ്റെടുക്കുന്നത്. 2 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. തുകയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതിനെതുടർന്ന് ഉടമകൾ കോടതിയെ സമീപിക്കുകയും 2004ൽ അനുകൂല ഉത്തരവ് ലഭ്യമാക്കുകയും ചെയ്തിരുന്നു.

പക്ഷേ തുക സർക്കാർ കോടതിയിൽ കെട്ടിവച്ചെങ്കിലും ഉടമകൾക്കു നൽകാൻ തയാറാവാതെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇങ്ങനെ നഷ്ടപരിഹാരം ലഭിക്കുന്നത് 5 വർഷത്തോളം വൈകി. ഇക്കാലയളവിലെ പലിശ കൂടി നൽകണമെന്ന ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പണം അന്നു തന്നെ കോടതിയിൽ കെട്ടിവച്ചതിനാൽ പലിശ നൽകില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഈ പലിശ തുക ഉമടകൾക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കോടതി നിർ‌ദേശത്തെ തുടർന്ന് വാഹനം ജപ്തി ചെയ്യലിലേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here