‘ഏക സിവില്‍ കോഡ് വേണം, ബിജെപി അത് ചെയ്യില്ല, വീമ്പിളക്കുകയാണ്’- കെജ്‌രിവാള്‍

0
287

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പറഞ്ഞ് ബിജെപി വീമ്പിളക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ബിജെപി ഇതേ വാഗ്ദ്ധാനം നല്‍കിയിരുന്നുവെന്നും അത് നടപ്പാലിക്കിയില്ലെന്നും കെജ്രിവാള്‍ പരിഹസിച്ചു.

ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബിജെപി ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. മൂന്ന് ദിവസം മുന്‍പ് ഇപ്പോഴിതാ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പക്ഷേ ഗുജറാത്തിലെ തിരഞ്ഞെടുപ്പിന് ശേഷം അതും അപ്രത്യക്ഷമാകും. ഭാവ്‌നഗറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് കെജ്‌രിവാളിന്റെ അഭിപ്രായപ്രകടനം.

ഭരണഘടനയുടെ 44ാം അനുച്ഛേദത്തില്‍ പറയുന്നത് അനുസരിച്ച് ഏക സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ബിജെപി അധികാരത്തിലുള്ള മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇത് നടപ്പിലാക്കാന്‍ അവര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു.

ഈ വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പൊതു വ്യക്തിനിയമം നടപ്പാക്കുന്നതിന് സമിതിയെ നിയോഗിക്കാന്‍ കഴിഞ്ഞ ദിവസം ബി.ജെ.പി. മന്ത്രിസഭ തീരുമാനിച്ചിരുന്നു.

റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മൂന്നോ നാലോ അംഗങ്ങളുണ്ടാകുമെന്ന് മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആഭ്യന്തരസഹമന്ത്രി ഹര്‍ഷ് സാംഘ്‌വി പറഞ്ഞു. ചരിത്രപരമായ തീരുമാനമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിനുമുന്‍പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ തട്ടിപ്പാണ് പ്രഖ്യാപനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോധ്‌വാഡിയ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here