എൻഐഎ കേസ്; ജാമ്യം ആവശ്യപ്പെട്ട് പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ദില്ലി ഹൈക്കോടതിയില്‍

0
216

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെയായ എൻഐഎ  കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവ്  ഇ അബൂബക്കർ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും അതിനാൽ ഇനി ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഹർജിക്കാരൻ പറയുന്നു.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 45 പേരെ മാത്രമാണ് എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്തത് അഞ്ച് ലക്ഷത്തില്‍ താഴെ രൂപമാത്രം. സാമ്പത്തിക ഇടപാടില്‍ അന്വേഷണം തുടരുകയാണെന്നും എൻഐഎ വ്യത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പിഎഫ്ഐ നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു. കേരള പൊലീസിലുള്ളവർക്ക് പിഎഫ്ഐ ബന്ധമെന്ന റിപ്പോർട്ട് നല്കിയതായുള്ള  പ്രചാരണം അടിസ്ഥാനരഹിതമെന്നും എന്‍ഐഎ ആവർത്തിച്ചു. അതിനിടെ, പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്കുന്നത് പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെയും നിയമിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർനടപടി പ്രഖ്യാപിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമയെ ട്രൈബ്യൂണലിന്‍റെ അധ്യക്ഷനാക്കിയാണ് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ആറ് മാസത്തിനകം ട്രൈബ്യൂണല്‍ കേന്ദ്ര നടപടി പരിശോധിച്ച് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. പോപ്പുലർ ഫ്രണ്ടിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ അവസരമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here