എല്ലാരും പോയി, കരഞ്ഞുവിളിച്ച് രാഹുൽ; പേടിച്ചോടി മോദി; വീഡിയോ പോരുമായി കോൺ​ഗ്രസും ബിജെപിയും

0
257

ദില്ലി: അനിമേഷൻ വീഡിയോകളിലൂടെ   പരസ്പരം പോരടിച്ച് ബിജെപിയും കോൺഗ്രസും. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഒരു വീഡിയോ ബിജെപിയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് ആദ്യം ഷെയർ ചെയ്തത്. ഇതിനു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന വീഡിയോയുമായി കോൺ​ഗ്രസും രം​ഗത്തെത്തി.

എന്തുകൊണ്ട് ഈ കഷ്ടപ്പാടുകൾ അവസാനിക്കുന്നില്ല? ഖതം, ടാറ്റാ, ഗുഡ്ബൈ…’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുലിനെതിരായ വീഡിയോ ട്വീറ്റ് ചെയ്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ​ഗോവയിലെ കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോയതും ​ഗുലാം നബി ആസാദ് പുതിയ പാർട്ടിയുണ്ടാക്കിയതും രാജസ്ഥാനിലെ പ്രതിസന്ധിയും എല്ലാം വീഡിയോയിലുണ്ട്. എല്ലാവരും പോയതോടെ തനിച്ചായ രാഹുൽ സോണിയാ ​ഗാന്ധിയെ വിളിച്ച് കരയുന്നതും സോണിയ വന്ന് ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.  2.04 മിനിറ്റ് നീളുന്ന വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ നിരവധി ബിജെപി നേതാക്കൾ പരിഹാസവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന്  മറുപടിയെന്ന രീതിയിലാണ് കോൺഗ്രസ് ട്വിറ്ററിലൂടെ അനിമേഷൻ വീഡിയോ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരിഹാസമാണ് വീഡിയോയിലുള്ളത്. രാജ്യത്തെ  തൊഴിലില്ലായ്മ, പെട്രോൾ വില വർധന, പാചകവാതക വില വർധന തുടങ്ങി  വിവിധ പ്രശ്നങ്ങൾ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ വിഷയങ്ങളിൽനിന്നും പേടിച്ചോടുന്ന മോദിയെയാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

അതേസമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജ്ജുൻ ഖർഗയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 9308 വോട്ടർമാരാണുള്ളത്.രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് ചെയ്യും. ബാലറ്റ് പെട്ടികൾ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നല്ല ആത്മവിശ്വാസമുണ്ടെന്നാണ് ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്ന് ശശി തരൂരും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here