കൊച്ചി: വടക്കഞ്ചേരി വാഹനാപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹൃദയം തകർക്കുന്ന ഈ വാർത്ത ഇന്നുകൊണ്ട് അവസാനിപ്പിക്കാൻ പാടില്ല. ഇതിന് എന്തെങ്കിലും പോംവഴി കണ്ടെത്തിയേ മതിയാവൂ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
‘ലെയിൻ ഡിസിപ്ലീൻ ഇല്ല. വണ്ടികൾ ലെഫ്റ്റ് സൈഡെടുത്ത് പോകാറില്ല. വലതുവശം നോക്കിയാണ് അവർ പോകുന്നത്. എമർജൻസി ബട്ടൺ പല വണ്ടികളിലും ഇല്ല. നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതമാണ്. പല ഡ്രൈവർമാരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു. എന്തപകടം ഉണ്ടായാലും രക്ഷപ്പെടാമെന്ന തോന്നൽ ഡ്രൈവർമാർക്കുണ്ട്. അത് ഒരു പരിധിവരെ ശരിയുമാണ്. ബസുകളിൽ സീറ്റ് ബെൽറ്റ്, എയർ ബാഗുകൾ എന്നിവയൊന്നും ഇല്ല. എന്തുകൊണ്ട് നമ്മൾ അതിനെപറ്റി ചിന്തിക്കുന്നില്ല. അപകടം ഉണ്ടായതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഇതിനെപറ്റി ചിന്തിക്കുന്നത്. അല്ലെങ്കിൽ നമ്മൾ ഇതിനെപറ്റി ചിന്തിക്കുമായിരുന്നോ? ബസുകൾ, ഹെവി വെഹിക്കിൾസ് എന്നിവയ്ക്ക് ഓവർടേക്കിംഗ് പാടില്ല എന്ന് പറഞ്ഞ് ഉത്തരവിറക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമാണിത്.’- കോടതി പറഞ്ഞു.
ട്രാൻസ്പോർട്ട് കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ എന്നിവരോട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നേരിട്ട് എത്താൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഓൺലൈനായി ഹാജരാകണം. നാളെ ഉച്ചയ്ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കും.