തൃശൂർ: കൈപ്പമംഗലത്ത് എം ഡി എം എയുമായി പിടിയിലായ യുവാക്കളുടെ കൈയിൽ നിന്ന് 250 ലേറെ വിദ്യാർത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് കണ്ടെടുത്തു. ഇതിൽ അൻപത് വിദ്യാർത്ഥികൾ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ വിവരങ്ങളാണ് പ്രതികളുടെ കൈവശമുണ്ടായിരുന്ന പട്ടികയിലുള്ളത്. ഇതിൽ പെൺകുട്ടികളുമുണ്ട്. കടമായി ലഹരിമരുന്ന് വാങ്ങിയവരുടെ ലിസ്റ്റാണിതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് 5.2 ഗ്രാം എം ഡി എം എയുമായി ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവർ എക്‌സൈസിന്റെ പിടിയിലായത്. പ്രതികൾ ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകുകയുള്ളൂ. ലിസ്റ്റിൽ ഉള്ള കുട്ടികളെ കണ്ടെത്തി, കൗൺസലിംഗ് അടക്കം നൽകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.