എംഡിഎംഎ കേസുകളിൽ നാലിരട്ടി വർധന; ഇരകൾ കൗമാരക്കാരും യുവാക്കളും; മാഫിയകളുടെ ലക്ഷ്യം വിദ്യാലയങ്ങൾ

0
222

തിരുവനന്തപുരം: സംസ്ഥാനത്ത് രാസ ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയത് നാലിരിട്ടയിലേറെ. ലഹരി മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍ കൗമാരക്കാരെന്ന് നിയമപാലകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വില്‍പ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണം.

രാസലഹരി സംബന്ധിച്ച കണക്കുകളും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ഒരുപോലെ ഉയരുകയാണ്. പൊലീസും എക്സൈസും രാസലഹരികള്‍ പിടികൂടാത്ത ദിവസങ്ങളില്ല. ഈ കേസുകളില്‍ അറസ്റ്റിലാവുന്നതും കൗമാരക്കാരും യുവാക്കളുമാണെന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നു.

ഇപ്പോൾ ഏറ്റവും കൂടുതൽ പിടികൂടുന്നത് എംഡിഎംഎയാണ്. ഗ്രാമിന് പതിനായിരത്തോളം രൂപയാണ് എംഡിഎംഎയുടെ വില. ഈ വര്‍ഷം സെപ്തംബര്‍ മാസം വരെ എക്സൈസ് വകുപ്പ് പിടികൂടിയത് 5.714 കിലോ എംഡിഎംഎയെന്നാണ് ഔദ്യോഗിക കണക്ക്.

എൽഎസ്‌ഡി, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് , ഹെറോയിന്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് പുറമെയാണിത്. പൊലീസും സമാന രീതിയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യത്തെ എട്ട് മാസം കൊണ്ട് തന്നെ പൊലീസ് 16700 ഓളം ലഹരി മരുന്ന് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാലിരട്ടിയിലേറെ കൂടി.സ്കൂള്‍ കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ലഹരി മാഫിയ ഉന്നമിടുന്നതെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളുടെ ഭീതിയിലാണ് സമൂഹം. ലഹരിപ്പുറത്ത് സ്വന്തം മാതാപിതാക്കളെപ്പോലും അതി ക്രൂരമായി ആക്രമിക്കുന്ന സംഭവങ്ങള്‍ അനുദിനം കൂടുകയാണ്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പോലും അടിമപ്പെടുന്ന ഇത്തരം ലഹരി പദാര്‍‍ത്ഥങ്ങള്‍ ആദ്യം സൗജന്യമായി നല്‍കി ഉപഭോക്താവിനെ വശീകരിക്കുകയാണ് തന്ത്രം. അടിമപ്പെടുന്നതോടെ ലഹരിക്കടത്തിന് ഇവരെ ലഹരിമാഫിയ ഇരയാക്കുകയാണ് പതിവ്.

പൊലീസിനും എക്സൈസിനും തടയാവുന്നതിലും അപ്പുറം വലിയ ശൃംഖലയാണ് ലഹരി കടത്തിന്റേത്. അതുകൊണ്ട് തന്നെ ഇത്തരം സംഘങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിയാറില്ല. ചെറുകിട വിൽപ്പനക്കാരും  ഉപഭോക്താക്കളും മാത്രമാണ് പിടിക്കപ്പെടുന്നത്. ബോധവത്കരണ പരിപാടികളായ വിമുക്തി, യോദ്ധാവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വിപുലപ്പെടുത്തുമ്പോഴും ഒരു ഭാഗത്ത് ലഹരി ഉപഭോഗം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here