ദില്ലി: ഫേസ്ബുക്കില്‍ ലൈവിട്ട് 230 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച ബിഎംഡബ്ല്യു കാര്‍ ട്രക്കിലിടിച്ച് നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ സുൽത്താൻപൂരിലാണ് അപകടം നടന്നത്. അപകടത്തിന് തൊട്ടുമുമ്പ് നാല് പേരും ഫെയ്‌സ്ബുക്ക് ലൈവില്‍ വേഗതയില്‍ പോകുന്നത് സംപ്രേഷണം ചെയ്തിരുന്നു. ലൈവിനിടയില്‍ നമ്മള്‍ നാല് പേരും മരിക്കുമെന്നും ഇവര്‍ പറഞ്ഞു. ബീഹാറിലെ റോഹ്താസിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പ്രൊഫസറായ 35 കാരനായ ഡോ. ആനന്ദ് പ്രകാശ്, എഞ്ചിനീയർ ദീപക് കുമാർ, അഖിലേഷ് സിംഗ്, വ്യവസായി മുകേഷ് എന്നിവരാണ് അമിത വേഗതയില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ടത്. ബിഎംഡബ്ല്യു 230 കിലോമീറ്റർ വേഗതയിൽ എത്തിയപ്പോൾ സ്പീഡോമീറ്റർ അടുത്തതായി 300 കിലോമീറ്റർ വേഗതയിൽ തൊടുമെന്ന് ഒരാള്‍ പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത നിമിഷം കാര്‍ ട്രക്കിലിടിച്ചു.
ബിഎംഡബ്ല്യു കാര്‍ പൂര്‍ണമായി തകര്‍ന്നു. യുവാക്കളുടെ മൃതദേഹം റോഡില്‍ ചിന്നിച്ചിതറി. അപകടത്തില്‍പ്പെട്ടവരെല്ലാം ബിഹാര്‍ സ്വദേശികളാണ്. ഇവര്‍ ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്നും കണ്ടെയ്‌നർ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സുൽത്താൻപൂർ എസ്പി സോമെൻ ബർമ പറഞ്ഞു. ഫോറൻസിക് സ്റ്റേറ്റ് ലബോറട്ടറിയുടെ സഹായത്തോടെ ബിഎംഡബ്ല്യൂവിന്റെയും കണ്ടെയ്‌നർ ട്രക്കിന്റെയും സാങ്കേതിക പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയിൽ നിന്നാണ് ബിഎംഡബ്ല്യു വാങ്ങിയതെന്ന് ആനന്ദ് പ്രകാശിന്റെ അമ്മാവൻ എകെ സിംഗ് പറഞ്ഞു.
സമീപകാലത്ത് ദേശീയപാതകളില്‍ അപകടം വര്‍ധിക്കുകയാണെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തല്‍. അപകടങ്ങള്‍ കുറക്കാനും ദേശീയപാത നിര്‍മാണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സിഗ്നല്‍ സംവിധാനം കാര്യക്ഷമമാകുന്നതിനായും നടപടി സ്വീകരിക്കണമെന്ന് അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.