ഹൃദയഭേദകം; ഗുജറാത്ത് തൂക്കുപാല ദുരന്തത്തില്‍ 5 മക്കളെയടക്കം ബിജെപി എംപിക്ക് നഷ്ടമായത് കുടുംബത്തിലെ 12പേരെ

0
288

അഹമ്മദാബാദ്: ​ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് മരിച്ചവരിൽ ബിജെപി എംപിയുടെ കുടുംബത്തിലെ 12പേരും. രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി എംപി മോഹൻഭായ് കല്യാണ്ജി കുന്ദരിയയുടെ കുടുംബത്തിലെ 12പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ എംപിയുടെ അഞ്ച് മക്കളും ഉൾപ്പെട്ടു. ‘അപകടത്തിൽ അഞ്ച് മക്കൾ ഉൾപ്പെടെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. സഹോദരിയുടെ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു’- മോഹൻഭായ് കല്യാണ്ജി കുന്ദരിയ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. എൻഡിആർ‌എഫും എസ്ഡിആർ‌എഫും രക്ഷാപ്രവർത്തനം നടത്തുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. മച്ചു നദിയിലുള്ളവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും എംപി പറഞ്ഞു. ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുമെന്നും മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നും എംപി പറഞ്ഞു.

മോർബിയിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 142 ആയി ഉയര്‍ന്നു. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. തിരച്ചില്‍ തുടരുകയാണ്. അതിനിടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം   പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു. പാലം നിര്‍മിച്ച കമ്പനിക്കെതിരെ കേസെടുക്കുകയും ചെയ്തു.

രാജ്യം നടുങ്ങിയ ദുരന്തത്തിൽ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു . 500ഓളം പേർ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ എത്രപേർ വെള്ളത്തിൽ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ഇതുവരെ ലഭ്യമല്ല. കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും രാത്രി തന്നെ രംഗത്തുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലാണ് കരസേന നടത്തുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാത്രി തന്നെ ദുരന്ത മേഖലയിൽ എത്തി. ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു. ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വിയാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ റോഡ് ഷോ അടക്കം പരിപാടികളെല്ലാം മാറ്റി വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here