ന്യൂഡൽഹി: കർണാടക ഹൈക്കോടതിയുടെ ഹിജാബ് വിരുദ്ധ വിധിക്കെതിരെയുള്ള അപ്പീലുകളിൽ സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് സുധാംശു ധൂലിയ ഉദ്ധരിച്ചത് ബിജോയ് ഇമ്മാനുവൽ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള കേസ്. കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ ദേശീയഗാനം ചൊല്ലാത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ സുപ്രിംകോടതി ഉത്തരവിട്ട വിധിന്യായമാണിത്. ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വവും വ്യാഖ്യാനിച്ച സുപ്രധാന വിധി കൂടിയാണിത്.
‘ഇതൊരു (ഹിജാബ്) ചോയ്‌സിന്റെ ചോദ്യം മാത്രമാണ്. കൂടുതലുമില്ല, കുറവുമില്ല. ബിജോയ് ഇമ്മാനുവൽ കേസ് ഇത് പരിപൂർണമായി ഉൾക്കൊള്ളുന്നുണ്ട്. ഈ തർക്കത്തിൽ അനിവാര്യ മതാചാരം ഉൾക്കൊള്ളുന്നില്ല എന്നതാണ് എന്റെ വിധിയുടെ കാതൽ. ഹൈക്കോടതി തെറ്റായ മാർഗമാണ് സ്വീകരിച്ചത്. ഭരണഘടയുടെ വകുപ്പ് 14, 19ന് കീഴിൽ വരുന്ന തെരഞ്ഞെടുപ്പിന്റെ (ചോയ്‌സ്) വിഷയം മാത്രമാണിത്.’- സുധാംശു ധൂലിയ വ്യക്തമാക്കി.
പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് തന്നെ സംബന്ധിച്ച് പരമപ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം പെൺകുട്ടിയുടെ വിദ്യാഭ്യാസമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിന് മുമ്പ് വീട്ടുവേല ചെയ്യുന്നുണ്ട്. ഹിജാബ് നിരോധിച്ച് ഇവരുടെ ജീവിതം കൂടുതൽ മികച്ചതാക്കാൻ കഴിയുമോ’- അദ്ദേഹം ചോദിച്ചു.
ബിജോയ് ഇമ്മാനുവൽ കേസ്
1985 ജൂലൈ 26ന് കോട്ടയം ജില്ലയിലെ സ്‌കൂളിൽനിന്ന് ദേശീയഗാനം ചൊല്ലാത്തതിന്റെ പേരിൽ ബിനുമോൾ, ബിന്ദു ഇമ്മാനുവൽ, ബിജോയ് എന്നീ മൂന്നു വിദ്യാർത്ഥികളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസാണിത്. ക്രൈസ്തവരിലെ യഹോവയുടെ സാക്ഷികൾ വിശ്വാസം പിന്തുടരുന്ന കുട്ടികളായിരുന്നു ഇവർ. ജനഗണമന ചൊല്ലുന്ന വേളയിൽ ഇവർ സ്‌കൂൾ അസംബ്ലിയിൽ മറ്റു കുട്ടികളെ പോലെ പങ്കെടുക്കാറുണ്ടായിരുന്നുവെങ്കിലും ചൊല്ലാറുണ്ടായിരുന്നില്ല. തങ്ങളുടെ വിശ്വാസത്തിന് എതിരാണ് ഇതെന്നായിരുന്നു കുട്ടികൾ പറഞ്ഞിരുന്നത്.
സംഭവം വിവാദമായതോടെ ഹെഡ് മിസ്ട്രസ് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കി. ഇതിനെതിരെ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ആദ്യം സിംഗിൾ ബഞ്ചും പിന്നീട് ഡിവിഷൻ ബഞ്ചും ഹർജി തള്ളി. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിച്ചത്.
അപ്പീൽ പരിഗണിച്ച സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഢി ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. വിദ്യാർത്ഥികളെ കൊണ്ട് ദേശീയഗാനം ചൊല്ലിക്കുന്നത് ഭരണഘടനയുടെ വകുപ്പ് 19 (1) (എ), 25 (1) ഉറപ്പുനൽകുന്ന വിശ്വാസപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്നാണ് കോടതി വിലയിരുത്തിയത്.
‘ദേശീയ ഗാനം ചൊല്ലുന്ന വേളയിൽ അനാദരമായി ഒന്നും വിദ്യാർത്ഥികൾ ചെയ്തിട്ടില്ല. വിശ്വാസം അനുവദിക്കാത്തതു കൊണ്ടു മാത്രമാണ് ഗാനം ചൊല്ലാത്തത്. സ്‌കൂളിൽനിന്ന് പുറത്താക്കാനുള്ള തീരുമാനം സര്‍ക്കാര്‍ വകുപ്പുതല നിർദേശം മാത്രമാണ്. അതുകൊണ്ടു തന്നെ, വിദ്യാലയത്തിൽനിന്ന് പുറത്താക്കിയത് കുട്ടികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ്. ഹൈക്കോടതി വിധി റദ്ദു ചെയ്ത് കുട്ടികളെ തിരിച്ചെടുക്കാൻ കോടതി ഉത്തരവിടുന്നു’- വിധി പ്രഖ്യാപനത്തിൽ ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഢി വ്യക്തമാക്കി.
ഹിജാബിൽ ഭിന്നവിധി
ഹിജാബിന് വിലക്കേർപ്പെടുത്തിയ കർണാടക ഹൈക്കോടതി ഉത്തരവിൽ സുപ്രിംകോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ധൂലിയ ഹൈക്കോടതി വിധി തള്ളിയപ്പോൾ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധി ശരിവച്ചു. ഹിജാബ് നിർബന്ധിത മതാചാരമല്ലെന്നാണ് ജസ്റ്റിസ് ഗുപ്ത നിരീക്ഷിച്ചത്.
ഇതോടെ കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലെത്തും. വിശാല ബഞ്ചിനു വിടണമോ അതോ രണ്ടംഗങ്ങളുള്ള മറ്റൊരു ബഞ്ചിന് കൈമാറണമോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള 25 ഹർജികളാണ് പരമോന്നത കോടതി പരിഗണിച്ചത്. പത്തു ദിവസം നീണ്ട വാദത്തിന് ശേഷമാണ് കോടതി ഹർജിയിൽ വിധി പറഞ്ഞത്. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ് എന്നാണ് ഹർജിക്കാർ വാദിച്ചത്.