ലോകത്തെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ

0
204

കാബൂൾ : ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് അനിയന്ത്രിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യുദ്ധത്തിൽ തകർന്ന രാജ്യം ഇപ്പോൾ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് ഗാലപ്പിന്റെ ലോ ആൻഡ് ഓർഡർ സൂചികയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പൌരന്മാരുടെ സുരക്ഷ അടിസ്ഥാനമാക്കി 120 ഓളം രാജ്യങ്ങളെയാണ് സർവ്വെ വിലയിരുത്തിയിരിക്കുന്നത്. ആഗോള സമാധാന സൂചികയിൽ ലോകത്തിലെ ‘ഏറ്റവും സമാധാനം കുറഞ്ഞ’ രാജ്യമെന്ന സ്ഥാനം കഴിഞ്ഞ അഞ്ച് വർഷക്കാലമായി അഫ്ഗാനിസ്ഥാന് സ്വന്തമാണ്. ഇതിനിടെയാണ് സുരക്ഷ കുറഞ്ഞ രാജ്യമെന്ന ‘നേട്ടം’. ഏറ്റവും സുരക്ഷിത രാജ്യമായി കണ്ടെത്തിയിരിക്കുന്നത് സിങ്കപ്പൂരിനെയാണ്. 96 ആണ് സിങ്കപ്പൂരിന്റെ സ്കോർ. 

രാജ്യത്തെ പൌരന്മാർ എത്രമാത്രം സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്, ആളുകൾ മോഷണത്തിനും ആക്രമണത്തിനും ഇരയായിട്ടുണ്ട് എന്നിവയാണ് സർവ്വെയിൽ പരിശോധിക്കുന്നത്. 43 ആണ് അഫ്ഗാനിസ്ഥാന്റെ സ്കോർ.  താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെ രാത്രിയിൽ സുരക്ഷിതമായി ഇറങ്ങി നടക്കാൻ കഴിയില്ലെന്ന പൊതുബോധം ആളുകളിൽ ഉടലെടുത്തു. കഴിഞ്ഞ വർഷം താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, രാജ്യവ്യാപകമായി മനുഷ്യാവകാശലംഘനങ്ങൾ കൂടി. 

ഭീകരപ്രവർത്തനങ്ങൾ, കൊലപാതകങ്ങൾ, സ്‌ഫോടനങ്ങൾ, ആക്രമണങ്ങൾ, നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങൾ, സാധാരണക്കാർ കൊല്ലപ്പെടുന്നത്, ആരാധനാലയങ്ങൾ നശിപ്പിക്കൽ, സ്ത്രീകളെ ആക്രമിക്കൽ, പ്രദേശത്ത് ഭീകരത വളർത്തൽ എന്നിവ സ്ഥിരം സംഭവമായി. 
ലിംഗാധിഷ്ഠിത അക്രമങ്ങളെ എതിർക്കുന്ന സംവിധാനങ്ങളെ താലിബാൻ തകർത്തു, സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണം ലഭിക്കുന്നത് തടഞ്ഞു, വനിതാ സഹായ സംരംഭങ്ങൾ അവസാനിപ്പിച്ചു, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ താലിബാൻ തുടർച്ചയായി ആക്രമിച്ചു. രാജ്യത്തെ 59 ശതമാനം വരുന്ന ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. 

LEAVE A REPLY

Please enter your comment!
Please enter your name here