ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും; പുതിയ തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

0
152

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യുണിലിവർ, സോപ്പുകളുടെയും ഡിറ്റർജന്റുകളുടെയും വില കുറച്ചു. മുൻനിരയിലുള്ള സോപ്പുകളുടെ വില രണ്ട് മുതൽ പത്തൊൻപത് ശതമാനം വരെ കുറച്ചതായി  കമ്പനിയുടെ വിതരണക്കാർ അറിയിച്ചു.

രണ്ട് വർഷത്തിന് ശേഷമാണ് ഹിന്ദുസ്ഥാൻ യുണിലിവർ വില കുറയ്ക്കാൻ തയ്യാറായത്. കഴിഞ്ഞ വർഷങ്ങളിൽ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെ വർദ്ധനവിനെത്തുടർന്ന് കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയർത്തിയിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില ജൂണിൽ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു ഉണ്ടായിരുന്നത്. അടുത്തിടെയാണ് അസംസ്‌കൃത വസ്തുക്കളുടെ വില കുറയാൻ തുടങ്ങിയത്.  കഴിഞ്ഞ നാല് പാദങ്ങളിൽ, എഫ്എംസിജി കമ്പനികൾ 8 മുതൽ 15 ശതമാനം വിലവർദ്ധന വരുത്തിയതായി വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.

അതേസമയം വില കുറയ്ക്കുമ്പോഴും ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഉൽപ്പന്ന വില ഉയർന്നു തന്നെയാണ് തുടരുന്നത്. സർഫ് എക്സൽ 500 മില്ലി ലിക്വിഡ് പായ്ക്കിന് വില 115 രൂപയിൽ നിന്നും 112 രൂപയായി. റിൻ ഡിറ്റർജന്റ് പൗഡർ വില 103 രൂപയിൽ നിന്ന് 99 രൂപയായി. 125 ഗ്രാം വരുന്ന നാല് ലൈഫ്ബോയ് സോപ്പിന്റെ വില 140 രൂപയിൽ നിന്ന് 132 രൂപയായി കുറഞ്ഞു. 50 ഗ്രാം ഡവ് സോപ്പിന്റെ വില 27 രൂപ രൂപയിൽ നിന്നും 22 രൂപയായി കുറഞ്ഞു.

അതേസമയം, ലക്സ് സോപ്പിന്റെ തൂക്കം 100 ഗ്രാം കൂട്ടി. വിലയും അതിനനുസരിച്ച് കൂട്ടി. എന്നാൽ ഫലത്തിൽ വില 10.86 ശതമാനം കുറഞ്ഞു. വില കുറച്ചത് വിപണിയിൽ പ്രതിഫലിക്കാൻ സമയമെടുക്കും. കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വിപണിയിലെത്തും എത്തുമെന്ന് കമ്പനി അറിയിച്ചു.

വിപണിയിൽ ഹിന്ദുസ്ഥാൻ യുണിലിവറുമായി കനത്ത മത്സരം നടത്തുന്ന   ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (GCPL) ആണ് ആദ്യം ഉത്പന്നങ്ങളുടെ വില കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here