യുഎഇയിലെ പുതിയ തൊഴില്‍ നിയമ ഭേദഗതി പ്രവാസികളെ എങ്ങനെ ബാധിക്കും?

0
181

അബുദാബി: യുഎഇയില്‍ തൊഴില്‍ കാരാറുകള്‍ക്ക് ബാധകമായിരുന്ന രണ്ട് വര്‍ഷത്തെയും മൂന്ന് വര്‍ഷത്തെയും പരമാവധി കാലയളവ് കഴിഞ്ഞ ദിവസം അധികൃതര്‍ എടുത്തുകളഞ്ഞിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ബാധകമായ ഈ പുതിയ പരിഷ്കാരം വെള്ളിയാഴ്ച യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് പുറത്തിറക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമത്തില്‍ ഇതനുസരിച്ചുള്ള മാറ്റം വരും.

തൊഴില്‍ നിയമത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതി അനുസരിച്ച്, ഇനി മുതല്‍ തൊഴില്‍ കരാറുകള്‍ക്ക് ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെങ്കിലും കരാര്‍ കാലാവധി എത്ര കാലയളവ് ആയിരിക്കണമെന്ന് പ്രത്യേകം നിഷ്കകര്‍ശിക്കുന്നില്ല. തൊഴില്‍ കരാറിലെ നിബന്ധനകള്‍ തൊഴിലാളിയും തൊഴിലുടമയും അംഗീകരിക്കുന്നിടത്തോളം കാലം തൊഴില്‍ കരാര്‍ പുതുക്കാമെന്നും അതിന് സാധുതയുണ്ടാകുമെന്നും പുതിയ നിയമ ഭേദഗതിയില്‍ പറയുന്നു.

നേരത്തെ തൊഴിലാളികളുടെ വിസാ കാലാവധി അനുസരിച്ചായിരുന്നു തൊഴില്‍ കരാര്‍ ഉണ്ടാക്കിയിരുന്നത്. വിസാ കാലാവധി രണ്ട് വര്‍ഷമാണോ മൂന്ന് വര്‍ഷമാണോ എന്നിങ്ങനെയുള്ള കാലാവധി അനുസരിച്ച് തൊഴില്‍ കരാറിനും കാലാവധി നിശ്ചയിച്ചിരുന്ന രീതിക്കാണ് മാറ്റം വരുന്നതെന്ന് യുഎഇയിലെ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം ഇനി വിസാ കാലാവധിയേക്കാള്‍ നീണ്ട സമയപരിധിയിലേക്കും തൊഴില്‍ കരാറുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന വ്യത്യാസം.

രാജ്യത്തെ തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും യുഎഇയില്‍  ബിസിനസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാനും ഈ മാറ്റങ്ങള്‍ സഹായകമാവുമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. ബിസിനസ് അന്തരീക്ഷത്തിന്റെ സ്ഥിരതയും അതിന്റെ ആകര്‍ഷണീയതയും വര്‍ദ്ധിപ്പിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും പിന്തുണയേകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here