മക്കളുടെ കുട്ടിക്കാലത്തെ പ്രിയ വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കാത്ത മാതാപിതാക്കളുണ്ടാവില്ല. കുട്ടികള്‍ വളര്‍ന്നു വലുതായി കഴിയുമ്പോള്‍ അവരുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള വലിയ ഓര്‍മ്മകളായി അവ മാറുന്നു. മുമ്പൊക്കെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കുട്ടിക്കാലത്തെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഒക്കെയാണ് വലുതായി കഴിയുമ്പോള്‍ കുട്ടികളെ കാണിക്കാനായി ശ്രദ്ധാപൂര്‍വ്വം സൂക്ഷിച്ചുവച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ ഡിജിറ്റല്‍ ഫോട്ടോകളുടെയും വീഡിയോകളുടെയും സഹായത്തോടെ, കുട്ടികളുടെ ഫോട്ടോകള്‍ സൃഷ്ടിച്ച് ഓര്‍മ്മകള്‍ മാഞ്ഞു പോകാതെ സൂക്ഷിച്ചു തുടങ്ങി.
എന്നാല്‍ ഇപ്പോള്‍ മാതൃത്വത്തിന്റെ പ്രതീകമായ മുലപ്പാല്‍ തന്നെ ആഭരണരൂപത്തില്‍ സൂക്ഷിക്കുകയാണ് ഒരു ദന്തഡോക്ടര്‍. സൂറത്തില്‍ നിന്നുള്ള ഡോ. അദിതിയാണ് വ്യത്യസ്തമായ ഒരു ഐഡിയയിലൂടെ ലോകത്തെ അതിശയിപ്പിക്കുന്നത്. അമ്മയുടെ മുലപ്പാലില്‍ നിന്ന് ആഭരണങ്ങള്‍ ഉണ്ടാക്കുകയാണ് ഡോ. അദിതി.
സ്വര്‍ണ്ണം, വെള്ളി എന്നിവ കൊണ്ടുള്ള ആഭരണങ്ങളാണ് മുലപ്പാല്‍ ഉപയോഗിച്ച് അദിതി ഡിസൈന്‍ ചെയ്യുന്നത്. ബ്രേസ്‌ലറ്റുകള്‍ മറ്റ് ആഭരണങ്ങള്‍ എന്നിവയാണ് ഇവര്‍ മുലപ്പാല്‍ കൊണ്ട് നിര്‍മിക്കുന്നത്. അമ്മയുടെ മുലപ്പാലാണ് ഇതിനായി ഉപയോഗിക്കുന്നത്. അമ്മമാരുടെ പാല്‍ വാങ്ങി അതു സംരക്ഷിച്ച് കട്ടിയാക്കി മാറ്റുകയും അതുപയോഗിച്ച് ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ് അദിതി ചെയ്യുന്നത്. മുലപ്പാലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും കേടാകില്ല എന്നാണ് ഡോ. അദിതി പറയുന്നത്.
ഒരു ആഭരണം നിര്‍മിക്കാന്‍ ഇവര്‍ ഏകദേശം 15 ദിവസമെടുക്കും. ഈ പുത്തന്‍ ആഭരണം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായതോടെ വിദേശരാജ്യങ്ങളില്‍ നിന്നു പോലും നിരവധി പേരാണ് ബന്ധപ്പെടുന്നതെന്ന് അദിതി പറയുന്നു. വിദേശങ്ങളില്‍ നിന്നു പോലും അവളെ തേടി കൊറിയറില്‍ ഇപ്പോള്‍ അമ്മയുടെ മുലപ്പാല്‍ എത്താറുണ്ട്.
അടുത്തിടെ ഒരു കസ്റ്റമര്‍ക്ക് അമ്മയുടെ പാലില്‍ നിന്ന് ഒരു ശിവലിംഗ പെന്‍ഡന്റ് രൂപകല്പന ചെയ്ത അദിതി ഇതിനായി പാലിനൊപ്പം കുഞ്ഞിന്റെ മുടിയും ഉപയോഗിച്ചിട്ടുണ്ട്. കാനഡയില്‍ നിന്നുള്ള ദമ്പതികള്‍ക്കായി അവള്‍ മറ്റൊരു ആഭരണം ഡിസൈന്‍ ചെയ്തു നല്‍കി. ഇതില്‍ എസ് ആകൃതിയിലുള്ള കുഞ്ഞിന്റെ മുടിയുടെ സഹായത്തോടെ കുട്ടിയുടെ പേര് കൊത്തിവച്ചിരുന്നു. ഏഴ് ഒറിജിനല്‍ വജ്രങ്ങളാണ് ഇത് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്.