കോഴിക്കോട്: പൗരത്വ നിയമ ഭേദഗതികൾക്ക് എതിരായ ഹർജികൾ ഡിസംബർ ആറിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിം ലീഗിന്റ ഹർജി പ്രധാന ഹർജിയായി കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി കേൾക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
ബാക്കിയുള്ള ഹർജികളിൽ മുസ്ലിം ലീഗിന്റെ ഹർജി പ്രധാന ഹർജിയായി കേൾക്കുമെന്നാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. മറ്റ് ഹർജിക്കാരോട് തങ്ങളുടെ വാദം മൂന്ന് പേജിൽ കവിയാതെ മുസ്ലിം ലീഗിന്റെ അഭിഭാഷകർക്ക് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. മുസ്ലിം ലീഗിന്റെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ പല്ലവി പ്രതാപിനെ ഹർജിക്കാരുടെ നോഡൽ ഓഫീസർ ആയും, തുഷാർ മേത്തയുടെ ജൂനിയർ ആയ കാനു അഗർവാളിനെ എതിർ കക്ഷികളുടെ നോഡൽ ഓഫീസർ ആയും കോടതി നിയമിച്ചു. ഇവർക്കാണ് മറ്റ് കക്ഷികൾ വാദം എഴുതി കൈമാറേണ്ടത്. കേസിലെ വാദം കേൾക്കൽ സുഗമമാക്കാനാണ് ഇത്തരം ഒരു ക്രമീകരണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിം ലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.