ന്യൂഡൽഹി: നിരോധിക്കപ്പെട്ട പോപുലർ ഫ്രണ്ടും(പി.എഫ്.ഐ) സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും(എസ്.ഡി.പി.ഐ)യും തമ്മിൽ ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. പി.എഫ്.ഐയുമായി ബന്ധമുള്ള സംഘടനകൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടി കടുപ്പിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ദേശീയ വാർത്താ ഏജൻസിയായ ‘ഇന്ത്യ ടുഡേ’യോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഴുവൻ രേഖകളും എസ്.ഡി.പി.ഐ കമ്മിഷനുമുൻപാകെ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ, ഇതിൽ ഇരു സംഘടനകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് രാജീവ് കുമാർ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 28നാണ് പോപുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. യു.എ.പി.എ നിയമപ്രകാരം അഞ്ചു വർഷത്തേക്കാണ് നിരോധനം. ഇതിനു പിന്നാലെയാണ് എസ്.ഡി.പി.ഐയ്‌ക്കെതിരെയും നടപടി വേണമെന്ന തരത്തിൽ ഒരു വിഭാഗം ആവശ്യമുയർത്തുന്നത്.
2009 ജൂൺ 21ന് ആണ് എസ്.ഡി.പി.ഐ രൂപീകൃതമായത്. 2010 ഏപ്രിൽ 13ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തു. കേരളത്തിനു പുറമെ കർണാടക, തമിഴ്‌നാട്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പൽ കോർപറേഷനുകളിലും എസ്.ഡി.പി.ഐക്ക് അംഗങ്ങളുണ്ട്.