പ്രചോദിപ്പിക്കുന്ന ഒട്ടേറെ വാര്‍ത്തകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. മുതിര്‍ന്നവരുടെയും കൊച്ചുകുട്ടികളുടെയുമെല്ലാം ഇത്തരം നിരവധി വാര്‍ത്തകള്‍ സൈബര്‍ ലോകത്ത് വൈറലാകാറുമുണ്ട്. അതില്‍ കുട്ടികളുടെ ചില വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും കാഴ്ച്ചക്കാര്‍ ഏറെയാണ്.
ഇത്തരമൊരു പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബര്‍ഗര്‍ വാങ്ങാന്‍ പത്ത് രൂപയുമായി കടയിലെത്തിയ ഒരു പെണ്‍കുട്ടിയുടെ രംഗം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 90 രൂപയുടെ ബര്‍ഗര്‍ വാങ്ങാന്‍ 10 രൂപയുമായി എത്തിയ പെണ്‍കുട്ടിക്ക്, ബാക്കി 80 രൂപ കൂടി തന്‍റെ കയ്യില്‍ നിന്നുമിട്ട് മാതൃകയായിരിക്കുകയാണ് ഈ ഷോപ്പിലെ ജീവനക്കാരന്‍.
നൊയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലുള്ള ബര്‍ഗര്‍ കിങ് ഔട്ട്ലറ്റിലാണ് സംഭവം നടന്നത്. ദീരജ് കുമാര്‍ എന്ന യുവാവാണ് കടയിലെത്തിയ പെണ്‍കുട്ടിക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ബര്‍ഗര്‍ വാങ്ങി നല്‍കിയത്. പത്ത് രൂപയുടെ നോട്ടുമായാണ് പെണ്‍കുട്ടി കടയിലെത്തിയത്. പെണ്‍കുട്ടി ഓര്‍ഡര്‍ ചെയ്ത ബര്‍ഗറിന്‍റെ വില ആണെങ്കില്‍, 90 രൂപയും. എന്നാല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് 80 രൂപ കൂടിയിട്ട് പെണ്‍കുട്ടിക്ക് ബര്‍ഗര്‍ നല്‍കുകയായിരുന്നു ദീരജ്. ബര്‍ഗറിന്‍റെ യഥാര്‍ത്ഥ വില പോലും പെണ്‍കുട്ടിയെ അറിയിച്ചില്ല. അങ്ങനെ ബര്‍ഗറുമായി സന്തോഷത്തോടെ കുട്ടി കടയില്‍ നിന്നിറങ്ങി.
ഷോപ്പിലുണ്ടായിരുന്ന മറ്റൊരാളാണ് ഈ രംഗം ഫോട്ടോയെടുത്ത് ട്വിറ്ററിലൂടെ പങ്കുവച്ചത്. വൈറലായ പോസ്റ്റ് ബര്‍ഗര്‍ കിങ്ങിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവച്ചിട്ടുണ്ട്. സംഭവം വൈറലായതോടെ ദീരജ് കുമാറിന് കയ്യടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൈബര്‍ ലോകം. നിരവധി പേര്‍ ദീരജിനെ അഭിനന്ദിച്ചുകൊണ്ടും സ്നേഹം അറിയിച്ചും കമന്‍റ് ചെയ്തു.