രാജ്യത്തെ മിക്ക നഗരങ്ങളിലും ഓൺലൈൻ ചലാനുകൾ വളരെ സാധാരണമായിരിക്കുകയാണ് ഇപ്പോള്‍. ട്രാഫിക് പൊലീസിന്റെ ക്യാമറയില്‍ നിയമലംഘനങ്ങള്‍ പതിഞ്ഞാല്‍ ചലാന്‍ വീട്ടിലേക്ക് വരും. ഓൺലൈൻ ചലാനുകൾ എല്ലായ്‌പ്പോഴും തെളിവ് സഹിതം അയയ്‌ക്കുമ്പോൾ, ചലാൻ ഇഷ്യൂ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും തെറ്റ് സംഭവിക്കുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈൻ ചലാനുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിയമലംഘനത്തിന് തെളിവ് നൽകാൻ ഒരു റൈഡർ പോലീസിനോട് ആവശ്യപ്പെട്ടതും ഇതിന് ബാംഗ്ലൂർ പൊലീസ് നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
ബാംഗ്ലൂര്‍ പൊലീസിനെയും ബാംഗ്ലൂര്‍ ട്രാഫിക് പൊലീസിനെയും ടാഗ് ചെയ്‍താണ് സ്‌കൂട്ടര്‍ ഉടമ ഉടമ ട്വീറ്റ് ചെയ്‍തത് എന്ന് കാര്‍ ടോഖ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് ലഭിച്ച ചലാന്‍റെ ചിത്രം പോസ്റ്റ് ചെയ്‍തുകൊണ്ട്, താന്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്നതിന് കൃത്യമായ തെളിവില്ലെന്നായിരുന്നു യുവാവ് ആരോപിച്ചത്. തെളിവ് നല്‍കാനും അല്ലെങ്കില്‍ ചലാന്‍ നീക്കം ചെയ്യാനും യുവാവ് ബാംഗ്ലൂര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
തെളിവില്ലാതെ താന്‍ ചലാന്‍ അടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ട്വീറ്റില്‍ പറഞ്ഞത്. താന്‍ ഓടിച്ചിരുന്ന ഹോണ്ട ആക്ടിവയുടെ രജിസ്‌ട്രേഷന്‍ പ്ലേറ്റിന്റെ ചിത്രവും ഉടമ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ റൈഡറുടെ മുഴുവന്‍ രൂപം കാണാന്‍ സാധിക്കുന്നില്ലായിരുന്നു. തെളിവ് നൽകാനും അല്ലെങ്കിൽ ചലാൻ നീക്കം ചെയ്യാനും യുവാവ് ബാംഗ്ലൂർ പോലീസിനോട് ആവശ്യപ്പെട്ടു. സമാനമായ സംഭവം തനിക്ക് മുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ചോദ്യങ്ങളൊന്നും ചോദിക്കാതെ അന്ന് താൻ ചലാൻ അടച്ചെന്നും അവകാശപ്പെട്ട യുവാവ് ഇനി ആ അബദ്ധം താൻ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു.
ഈ ട്വീറ്റിന് ബാംഗ്ലൂർ പൊലീസ് നല്‍കിയ മറുപടിയായിരുന്നു മാസ്. യുവാവിനോട് തർക്കിക്കാതെ റൈഡറുടെ മുഴുവൻ ചിത്രവും അപ്‌ലോഡ് ചെയ്‍തു പൊലീസ്! ട്രാഫിക്കിൽ ഹെൽമെറ്റ് ധരിക്കാത്ത സ്‍കൂട്ടര്‍ റൈഡറെ വ്യക്തമായി കാണിക്കുന്നതായിരുന്നു പൊലീസിന്റെ മറുപടി ട്വീറ്റിലെ ഈ മുഴുവൻ ചിത്രവും. ഹോണ്ട ആക്ടീവയുടെ രജിസ്ട്രേഷന്‍ നമ്പര്‍ മാത്രം പങ്കിടുന്നതിനായി ചിത്രം ക്രോപ്പ് ചെയ്‍തായിരുന്നു ബാംഗ്ലൂര്‍ പൊലീസ് യുവാവിന് ആദ്യം ചലാന്‍ അയച്ചത്. ഉടമ ട്വീറ്റ് ചെയ്‍തതോടെ അവര്‍ മുഴുവന്‍ ചിത്രവും അപ്പ്ലോഡ് ചെയ്യുകയും യുവാവ് ഇളിഭ്യനാകുകയും ചെയ്‍തു എന്ന് ചുരുക്കം.
എന്തായാലും പൊലീസിന്റെ ഈ മറുപടി കണ്ട് അമ്പരന്നിരിക്കുകയാണ് പലരും. ബാംഗ്ലൂര്‍ ട്രാഫിക് പൊലീസിന്റെ മാസ്സ് മറുപടിക്ക് കൈയ്യടിക്കുന്നുണ്ട് പല ട്വിറ്റര്‍ ഉപയോക്താക്കളും. ഇതോടെ സ്‌കൂട്ടര്‍ ഉടമ ട്വീറ്റ് ഡിലീറ്റ് ചെയ്‍ത് മുങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓൺലൈൻ ചലാൻ അടക്കാതിരുന്നാല്‍
ചലാനുകൾ ഡിജിറ്റലൈസ് ചെയ്‍തതോടെ പലരും ഓൺലൈനായി ചലാൻ അടയ്ക്കുന്നത് ഒഴിവാക്കുന്നതായി പൊലീസ് കണ്ടെത്തി. ഡിജിറ്റൽ ചലാൻ സംവിധാനങ്ങളുടെ വരവ്, ഇക്കാലത്ത് പോലീസുകാർ കൂടുതൽ ജാഗരൂകരാണ്. സംഭവങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസ് വകുപ്പുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിലും ഇപ്പോൾ സിസിടിവി ശൃംഖലയുണ്ട്, അത് പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. രജിസ്ട്രേഷൻ നമ്പർ ട്രാക്ക് ചെയ്ത് ലംഘനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ചലാൻ പുറപ്പെടുവിക്കുന്നു. നിയമലംഘനത്തിന്റെ വിശദമായ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഹൈ റെസല്യൂഷൻ ക്യാമറകൾ ഇപ്പോൾ മിക്ക റോഡുകളിലും ഉണ്ട്.
കവര്‍ചിത്രം പ്രതീകാത്മകം