ജില്ലയിലെ ആദ്യത്തെ ലോ- കോളജിന് അനുമതി; മഞ്ചേശ്വരം ക്യാംപസിൽ ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും

0
260

മഞ്ചേശ്വരം: ജില്ലയിലെ ആദ്യത്തെ ലോ- കോളജ് യഥാർഥ്യമായി. കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ഓഫ് ക്യാംപസിൽ ഈ വർഷം തന്നെ എൽ.എൽ.ബി കോഴ്സുകൾ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലേക്കായിരിക്കും പ്രവേശനം നൽകുക. എൽ.എൽ.എം കോഴ്സിനു പിന്നാലെയാണ് എൽ.എൽ.ബി കോഴ്സിന് കൂടി അനുമതിയായിരിക്കുന്നത്.

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളജിന് സമീപം കണ്ണൂർ സർവകലാശാലക്ക് അധീനതയിലുള്ള കെട്ടിടത്തിലായിരിക്കും ജില്ലയിലെ ആദ്യത്തെ സമ്പൂർണ ലോ- കോളജ് പ്രവർത്തിക്കുക. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിലവിൽ ത്രിവത്സര എൽ.എൽ.ബി കോഴ്സിന് അവസരമുള്ളത് മഞ്ചേശ്വരത്ത് മാത്രമാണ്. സമ്പൂർണ നിയമ പഠന കേന്ദ്രമെന്ന ജില്ലയുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ യഥാർഥ്യമാകുന്നത്.

അയൽ സംസ്ഥാനമായ കർണാടകയിലെ മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലെ കോളജുകളെയായിരുന്നു ജില്ലയിലെ നിയമ വിദ്യാർഥികൾ ആശ്രയിച്ചിരുന്നത്.

കോടികൾ ചിലവഴിച്ച് സർവകലാശാല നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യത്തിൽ അത് ഉപയോഗ പ്രദമാക്കി എൽ.എൽ.ബി അടക്കമുള്ള കോഴ്സുകൾക്കുള്ള നിയമ പഠന കേന്ദ്രം ഇവിടെ ആരംഭിക്കണമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ നിയമസഭയിൽ തന്റെ ആദ്യ സബ് മിഷനിൽ തന്നെ ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് കണ്ണൂർ സർവകലാശാല വി.സി അടക്കമുള്ള ഉദ്യോഗസ്ഥരെ നേരിൽ കണ്ട് ചർച്ച നടത്തുകയും വി.സി അടക്കമുള്ളവർ മഞ്ചേശ്വരം കാംപസ് സന്ദർശിക്കുകയുമുണ്ടായി. ഇതിനു പിന്നാലെ കെട്ടിടത്തിൻ്റെ അടിസ്ഥാന ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ധനകാര്യ വകുപ്പിൻ്റെ പ്രത്യേക അനുമതിയോട് കൂടി എം.എൽ.എ ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ നേരത്തെ അനുവദിക്കുകയും ചെയ്തു. ബാർ കൗൺസിൽ അംഗീകാരം ആവശ്യമില്ലാത്ത എൽ.എൽ.എം കോഴ്സ് അനുവദിച്ചതിനു പിന്നാലെ എൽ.എൽ.ബി കോഴ്സിനായി എം.എൽ.എ നിരന്തര ശ്രമം നടത്തിവരികെയാണ് സമ്പൂർണ നിയമ പഠന കേന്ദ്രമായി മഞ്ചേശ്വരം കാംപസ് മാറിയത്.

ഇതോടെ ജില്ലയിലെ ഉന്നത വിദ്യഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമാകും ഉണ്ടാവുകയെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here