കരിപ്പൂരിൽ 2.6 കോടി രൂപയുടെ സ്വർണവുമായി മൂന്ന് കാസർകോട് സ്വദേശികളടക്കം നാലുപേർ പിടിയിൽ

0
301

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നാലു യാത്രക്കാരിൽനിന്നായി 2.6 കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് വിഭാഗവും കോഴിക്കോട് ഡി.ആർ.ഐ. വിഭാഗവും ചേർന്ന് പിടികൂടി. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന കാസർകോട് മുട്ടത്തൊടി അബ്ദുൽ ബാസിത് (24) കസ്റ്റംസിന്റെ പിടിയിലായി. കാസർകോട് സ്വദേശികളായ മൊയ്തീൻ മിസാൻ (28), ഇബ്രാഹീം ഖലീൽ (30) എന്നിവരെ ഡി.ആർ.ഐ.യും അറസ്റ്റ് ചെയ്തു.

1061 ഗ്രാം സ്വർണവുമായാണ് അബ്ദുൾ ബാസിത് പിടിയിലായത്. മിശ്രിതരൂപത്തിൽ നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. മലപ്പുറം തിരൂർക്കാട് സ്വദേശി സെൽവം (24) ദുബായിൽനിന്ന് ഇറക്കുമതി ചെയ്ത ബാഗേജിൽ ഉണ്ടായിരുന്ന കേക്ക് നിർമാണ ഉപകരണത്തിന്റെ റോളറിന്റെ കൈപിടിക്കുള്ളിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ഈ ബാഗേജ് എക്സ്‌റേ പരിശോധനയിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലാണ് സ്വർണവും നിക്കലും സിങ്കും ചേർന്ന സംയുക്തംകൊണ്ട് നിർമിച്ച സ്വർണറോളർ ഉണ്ടായിരുന്നത്. സെൽവത്തെ പിടികൂടാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല.

ഖത്തർ എയർവേയ്സിന്റെ ദോഹ -കോഴിക്കോട് വിമാനത്തിലാണ് മൊയ്തീൻ മിസാൻ, ഇബ്രാഹീം ഖലീൽ എന്നിവർ കരിപ്പൂരെത്തിയത്. ശരീരത്തിൽ പേസ്റ്റ് രൂപത്തിൽ തേച്ച് പിടിപ്പിച്ച് ഒളിപ്പിച്ചാണ് ഇവർ സ്വർണംകടത്തിയത്. 3.4 കിലോ സ്വർണമാണ് ഇവരിൽനിന്ന് ഡി.ആർ.ഐ. കണ്ടെടുത്തത്. ഇതിന് 1.7 കോടി രൂപ വിലവരും. ഇരുവരെയും ഡി.ആർ.ഐ. അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here