കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടികൂടി; വിമാനത്താവളത്തില്‍ സ്ത്രീകളടക്കം അറസ്റ്റില്‍

0
241

കുവൈത്ത് സിറ്റി: കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടിച്ചെടുത്ത് കുവൈത്ത് എയര്‍ കസ്റ്റംസ് അധികൃതര്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്് കഞ്ചാവ്, ട്രമഡോള്‍ ഗുളികകള്‍, ലാറിക ഗുളികകള്‍, ഹാഷിഷ് എന്നിവ യാത്രക്കാരില്‍ നിന്ന് പിടികൂടിയത്.

വ്യത്യസ്ത സംഭവങ്ങളിലാണ് ഇവ പിടിച്ചെടുത്തത്. വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് രാജ്യത്തേക്ക് എത്തിയവരാണിവര്‍. ദില്ലിയില്‍ നിന്ന് വന്ന ഏഷ്യക്കാരനില്‍ നിന്നാണ് കഞ്ചാവും 350 ട്രമഡോള്‍ ഗുളികകളും പിടിച്ചെടുത്തത്. രണ്ടാമത്തെ സംഭവത്തില്‍ 20 ലാറിക ഗുളികകളും ഹാഷിഷ് നിറച്ച സിഗരറ്റും കൈവശം വെച്ച കുവൈത്ത് സ്വദേശിയെ അധികൃതര്‍ പിടികൂടി. ആംസ്റ്റെര്‍ഡാമില്‍ നിന്ന് വന്നതാണ് ഇയാള്‍. മൂന്നാമത്തെ സംഭവത്തില്‍ ആംസ്റ്റെര്‍ഡാമില്‍ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു സ്ത്രീയുടെ പക്കല്‍ നിന്നും ഹാഷിഷ്, ഒരു തരം ലഹരി മരുന്ന് എന്നിവ പിടിച്ചെടുക്കുകയായിരുന്നു. ഇവരുടെ ഹാന്‍ഡ് ബാഗില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മറ്റൊരു സംഭവത്തില്‍ ബെയ്‌റൂത്തില്‍ നിന്ന് വന്ന ഒരു കുവൈത്ത് സ്വദേശിനിയും പിടിയിലായി. 15 നാര്‍കോട്ടിക് ലാറിക ഗുളികകളും ഹാഷിഷുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ബ്രിട്ടനില്‍ നിന്നെത്തിയ സ്വദേശി ദമ്പതികളെ കഞ്ചാവ് നിറച്ച സിഗരറ്റും കഞ്ചാവും ലഹരി നിറച്ച ഇലക്ട്രോണിക് സിഗരറ്റും കൈവശം വെച്ചതിന് അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും, പിടികൂടിയ ലഹരി വസ്തുക്കള്‍ക്കൊപ്പം ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറി.

അതേസമയം തൊഴില്‍ – താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരുമാണ് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here