ഐഫോണുകളില്‍ ടൈപ്പ് സി ചാര്‍ജിങ് സ്ലോട്ട് ഉടന്‍ എത്തുമെന്ന് ആപ്പിള്‍

0
277

യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള ഐഫോണുകള്‍ താമസിയാതെ പുറത്തിറക്കുമെന്ന് ആപ്പിള്‍. നിലവില്‍ ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഭൂരിഭാഗം സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ് സി കേബിളുകള്‍ ഐഫോണുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.

വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ഷിക ടെക്ക് ലൈവ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ആപ്പിളിന്റെ വേള്‍ഡ് വൈഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്‌വിയാക് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2024-ഓടുകൂടി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും യുഎസ്ബി ടൈപ്പ്-സി സ്ലോട്ട് നിര്‍ബന്ധമാക്കിയുള്ള യൂറോപ്യന്‍ യൂണിയന്റെ നിയമം പാലിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

നിയമം പാലിക്കുമെന്ന് പറഞ്ഞെങ്കിലും എന്ന് മുതല്‍ പുതിയ ചാര്‍ജിങ് സ്ലോട്ട് ഉള്‍പ്പെടുത്തിയുള്ള ഫോണുകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ഏറെ കാലമായി ആപ്പിളും യൂറോപ്യന്‍ യൂണിയനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മുമ്പ് യൂറോപ്യന്‍ യൂണിയന്‍ മൈക്രോ-യുഎസ്ബി പോര്‍ട്ട് നിര്‍ബന്ധമാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് അത് പാലിച്ചിരുന്നുവെങ്കില്‍ ലൈറ്റ്‌നിങ് പോര്‍ട്ടും, ടൈപ്പ്-സി പോര്‍ട്ടും കണ്ടുപിടിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ക്ക് ഗുര്‍മാന്‍ ഈ മാസം ആദ്യം പങ്കുവെച്ച പവര്‍ ഓണ്‍ ന്യൂസ് ലെറ്ററില്‍ 2023 അവസാനത്തോടെ പുറത്തിറക്കുന്ന ഐഫോണ്‍ 15 ഫോണുകളില്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കുമെന്ന് പറയുന്നുണ്ട്.

ഇതിനകം തന്നെ മാക്ക് കംപ്യൂട്ടറുകളും വിവിധ ഐപാഡ് മോഡലുകളും ടൈപ്പ് സി പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളിലും 2024-ഓടുകൂടി ടൈപ്പ്-സി ചാര്‍ജിങ് ഉള്‍പ്പെടുത്തുമോ അതോ പുതിയ ഉപകരണങ്ങളില്‍ മാത്രമാണോ ഉണ്ടാവുക എന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here