ന്യൂഡല്‍ഹി: ഭീഷണി കണക്കിലെടുത്ത് കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആര്‍എസ്എസ് നേതാക്കളെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം വെച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
2018 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് വിവധ പട്ടികകളിലായി 300ഓളം പേര്‍ക്കാണ് സുരക്ഷ നല്‍കി വരുന്നത്. ആറ് തരത്തിലുള്ള കേന്ദ്ര സുരക്ഷകളാണുള്ളത്. എക്‌സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി എന്നിവയാണ് സുരക്ഷാ വിഭാഗത്തില്‍പ്പെടുന്നത്.
എന്താണ് വൈ കാറ്റഗറി സുരക്ഷ?
രണ്ട് വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരും സായുധനായ ഒരു ഗാര്‍ഡും കൂടാതെ രാത്രി മുഴുവന്‍ സമയവും സംരക്ഷണം എന്നതാണ് വൈ കാറ്റഗറി സുരക്ഷ. അതായത് ഏകദേശം 11 സുരക്ഷാ ഉദ്യോഗസ്ഥരാകും ഉണ്ടാകുക. ആറ് വ്യക്തിഗത സുരക്ഷ ഉദ്യോഗസ്ഥരും 5 ഗാര്‍ഡുകളുമാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉണ്ടാകുക.
2020-2021 ലെ കണക്ക് പ്രകാരം സിആര്‍പിഎഫിന്റെ ബജറ്റ് 26,000 കോടി രൂപയാണ്. വിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി അതിന്റെ 7.5 ശതമാനം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ ചെലവ് പ്രതിമാസം 10 മുതല്‍ 15 ലക്ഷം രൂപ വരെയാകുമെന്നാണ് കണക്ക്. കമാന്‍ഡോകളുടെ ശമ്പളം, ഭക്ഷണം, യാത്ര, താമസം എന്നീ ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മലപ്പുറം സ്വദേശി സിറാജുദ്ദീനെ അറസ്റ്റ് ചെയ്തപ്പോള്‍ ചില രേഖകള്‍ ലഭിച്ചിരുന്നു. ഇതില്‍ ആര്‍എസ്എസ് നേതാക്കളുടെ പേര് ഉള്‍പ്പെട്ട ഹിറ്റ് ലിസ്റ്റ് കണ്ടെത്തിയതായാണ് സൂചന. പോപ്പുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദിഖ്, മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീന്‍ എന്നിവരുടെ പക്കല്‍ നിന്നാണ് ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയത്. ഇരുവരുടേയും ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്.