കാസര്‍ഗോഡ്: ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്ന മന്ത്രിമാരുണ്ടെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തിന് അതേ വേദിയില്‍ തിരുത്തല്‍ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്.
‘ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍’ എന്നാണ് ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞത്. കാസര്‍ഗോഡ് പള്ളിക്കരയില്‍ ബിആര്‍ഡിസിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടയായിരുന്നു സംഭവം.
”ഓരോ ഭരണം വരുമ്പോഴും കുറെ അവതാരങ്ങള്‍ വരും, മന്ത്രിമാരെ വഷളാക്കാന്‍. മന്ത്രിമാരൊക്കെ അവരുടെ ജോലി ചെയ്യുമ്പോള്‍ അവരെ വഷളാക്കുന്നത് അവതാരങ്ങളായ ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് ഒരു അവതാര ലക്ഷ്യമുണ്ട്. അത് പൂര്‍ത്തിയാകുമ്പോള്‍ അടുത്ത ഭരണത്തിലെ ആളുകളെ പിടിക്കും. അത് സ്ഥിരം ജോലിയാണ്. വാദിയെ പ്രതിയാക്കണോ, പ്രതിയെ വാദിയാക്കണോ. എന്തിനും അവര്‍ തയ്യാറാണ്.”-രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ഇതിന് ശേഷമാണ് മന്ത്രി റിയാസ് ഉണ്ണിത്താനെ തിരുത്തിയത്. ”ഇദ്ദേഹം പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല, അതിന് അനുസരിച്ച് കുഴിയില്‍ വീഴുന്നവരല്ല, ഇടതുപക്ഷ മന്ത്രിമാര്‍ എന്ന് അങ്ങ് മനസിലാക്കുന്നത് നല്ലതാണ്.”-മുഹമ്മദ് റിയാസ് പറഞ്ഞു.