‘ഇനി വേണ്ട, ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും’: ഹൈക്കോടതി

0
195

എറണാകുളം: പാലക്കാട് വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കോടതി. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുക്കവേയാണ് കോടതി ഇന്ന് മുതല്‍ ഇവയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും.

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്ലാഷ് ലൈറ്റുകളും ഹോണുകളും മറ്റ് ശബ്ദ സംവിധാനവും സംബന്ധിച്ച് നേരത്തെ തന്നെ കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇത് ലംഘിച്ചെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചത്. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സ്പീഡ് ഗവര്‍ണര്‍ സംവിധാനം പോലും ഇല്ലാതെയാണ് അപകടത്തില്‍പ്പെട്ട ലുമിനസ് ബസ് ഓടിയത്. 60 കിലോമീറ്റര്‍ വേഗതയാണ് ടൂറിസ്റ്റ് ബസുകള്‍ക്കായി നിജപ്പെട്ടുത്തിയ വേഗത. ഇത്തരത്തില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. എന്നാല്‍ പരിശോധ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ വാഹനങ്ങളില്‍ നിന്ന് സ്പീഡ് ഗവര്‍ണര്‍ നീക്കം ചെയ്താണ് ഇവ ഓടിക്കുന്നത്. നേരത്തെയും ലുമിനസ് വേഗത ലംഘിച്ചതിനും നോട്ടീസ് നേരിട്ടിരുന്നു. ഇതോടൊപ്പം ആഡംബര ലൈറ്റുകളും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഘടിപ്പിച്ചതിനും ലുമിനസ് ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുകയും ബസിനെ കരിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെ അപകടത്തില്‍പ്പെട്ട കെഎല്‍ 15 എ 1313 എന്ന കെഎസ്ആര്‍ടിസി ബസും 2019 ല്‍ വേഗതാപരിധി ലംഘിച്ചതിന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട വാഹനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here