ദില്ലി: ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസിക്ക് വൈ പ്ലസ് സുരക്ഷ അനുവദിച്ചു. ഒന്നിലധികം ഭീഷണികൾ ഉമർ അഹമ്മദ് ഇല്ല്യാസിക്ക് ലഭിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദിലെത്തി ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതനായ ഉമർ അഹമ്മദ് ഇല്യാസിയുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തിയിരുന്നു.
സെപ്റ്റംബര്‍ 22ന് ആയിരുന്നു ഈ കൂടിക്കാഴ്ച. ആഭ്യന്തര മന്ത്രാലയം അനുവദിച്ച വൈ പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്ന് ഉമർ അഹമ്മദ് ഇല്ല്യാസി എഎന്‍ഐയോട് പറഞ്ഞു. ഇംഗ്ലണ്ട്, ദുബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ഫോണിലൂടെ തനിക്ക് ഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് തിലക് ലെയ്ൻ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ആഭ്യന്തര മന്ത്രാലയത്തിന് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു.
മോഹൻ ഭഗവതുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞത് മുതൽ തുടർച്ചയായി ഭീഷണി കോളുകൾ വരുന്നുണ്ട്. സെപ്തംബർ 23ന് ഇംഗ്ലണ്ടിൽ നിന്ന് ഒരു ഭീഷണി കോൾ ലഭിച്ചു. നിങ്ങൾ നരകത്തിലെ അഗ്നിയിൽ എരിയുമെന്ന് പറഞ്ഞു. മോഹന്‍ ഭഗവതിനെ പള്ളിയിലേക്ക് വിളിച്ചതിനും അദ്ദേഹത്തെ രാഷ്ട്രപിതാവ് എന്ന് വിളിച്ചതിനും ഭീഷണികള്‍ വന്നു കൊണ്ടിരിക്കുകയാണ്. ചില മതമൗലികവാദികൾക്ക് രാജ്യത്ത് സമാധാനമോ സ്നേഹമോ സമാധാനമോ ഇഷ്ടമല്ല. അവര്‍ തന്നെയാണ് ഭീഷണിക്ക് പിന്നിലെന്നും ഉമർ അഹമ്മദ് ഇല്ല്യാസി പറഞ്ഞു.
ഈ ഭീഷണികൾക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്നും പ്രസ്താവന പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “എന്റെ ക്ഷണം സ്വീകരിച്ച് മോഹൻ ഭഗവത് ജി ഇന്ന് എത്തിയിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്ര ഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദർശനം വളരെ നല്ല സന്ദേശമാണ് പകരുക. ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്, പക്ഷേ, ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങൾ കരുതുന്നു” – ആര്‍എസ്എസ് തലനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമർ അഹമ്മദ് ഇല്ല്യാസിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കോളുകള്‍ വന്നു തുടങ്ങിയതെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.