ആദ്യ വാരാന്ത്യം ആ​ഗോള ബോക്സ് ഓഫീസില്‍ പൊടിപാറിച്ച് ‘പിഎസ് 1’; മൂന്ന് ദിനങ്ങളില്‍ നേടിയത്

0
405

ഇന്ത്യന്‍ സിനിമയില്‍ നിന്ന് സമീപകാലത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം ആവുകയാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. റിലീസ് ദിനത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 80 കോടി നേടിയ ചിത്രം ആദ്യ വാരാന്ത്യവും സ്വന്തം പേരിലാക്കി. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ തന്നെ പുറത്തെത്തിയിരുന്നു. രണ്ടാം ദിനം ചിത്രം 70 കോടിയിലേറെ നേടിയെന്നായിരുന്നു അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഞായര്‍ വരെയുള്ള ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം 200 കോടിയിലേറെയാണ് നേടിയത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആ​ഗോള ഓപണിം​ഗ് ആണ് ഇത്. കമല്‍ ഹാസന്‍റെ വിക്രത്തെയും അജിത്ത് കുമാറിന്‍റെ വലിമൈയെയുമാണ് ചിത്രം പിന്തള്ളിയത്. വിക്രത്തിന്‍റെ ഓപണിം​ഗ് വീക്കെന്‍ഡ് കളക്ഷന്‍ 125.57 കോടിയും വലിമൈയുടേത് 123.52 കോടിയും ആയിരുന്നുവെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വിറ്ററില്‍ കുറിച്ചു. അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം വന്‍ കുതിപ്പാണ് കാഴ്ച വെക്കുന്നത്.

യുകെ ബോക്സ് ഓഫീസില്‍ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 5.24 ലക്ഷം പൌണ്ട് ആണെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ രൂപയില്‍ 4.7 കോടിയാണ് ഈ തുക. യുഎസില്‍ 3 മില്യണ്‍ ഡോളര്‍ (24.5 കോടി രൂപ) ആണ് വെള്ളി, ശനി ദിവസങ്ങളില്‍ നിന്നായി ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here