ബംഗളൂരു: വ്യാജ തോക്ക് കാണിച്ച് കേരളത്തിൽനിന്ന് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ കേരള പൊലീസ് ബംഗളൂരു നഗരത്തിൽവെച്ച് പിടികൂടി. കാസർകോട് സ്വദേശി ബി.എം. ജാഫറാണ് അറസ്റ്റിലായത്. സൗത്ത് ഈസ്റ്റ് ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിൽനിന്ന് മൂന്നംഗ പൊലീസ് ടീമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ കുറത്തിക്കാട് പൊലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് ജാഫർ.
കേരളത്തിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണികളിലൊരാളായ ഇയാളെ കഴിഞ്ഞ മാസം കുറ്റ്യാടിയിൽവെച്ച് കുറത്തിക്കാട് പൊലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ തോക്കിന്റെ ആകൃതിയിലുള്ള സിഗരറ്റ് ലൈറ്റർ കാണിച്ച് ഭീഷണിപ്പെടുത്തി കർണാടകയിലേക്ക് കടക്കുകയായിരുന്നു.
എച്ച്.എസ്.ആർ ലേഔട്ടിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുറത്തിക്കാട് എസ്.ഐ കെ. സനുമോന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് ആയുധ നിയമപ്രകാരവും കേസെടുത്തു. കേരളത്തിൽനിന്ന് പ്രതിയെ ബോഡി വാറന്റിൽ ബംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് സൗത്ത് ഈസ്റ്റ് ഡി.സി.പി സി.കെ. ബാബ പറഞ്ഞു.