യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവും സ്വയം വഹിക്കണം; അടുത്ത മാസം മുതല്‍ നിയമം പ്രാബല്യത്തില്‍

0
226

അബുദാബി: യുഎഇയിൽ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനുള്ള നിയമം പരിഷ്കരിക്കുന്നു. പുതിയ ഭേദഗതി അനുസരിച്ച് നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാര്‍ വഹിക്കണം. അടുത്തമാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. താമസ രേഖകള്‍ ഇല്ലാത്തവരെയും വീസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവരെയും വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെയുമാണ് സാധാരണയായി നാടുകടത്താറുള്ളത്.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കുപ്പെടുമ്പോള്‍ അവരെ നാടുകടത്തുന്നതിനുള്ള ചെലവ് യുഎഇ സര്‍ക്കാരായിരുന്നു ഇതുവരെ വഹിച്ചിരുന്നത്. എന്നാൽ നാടുകടത്തപ്പെടുന്നവരിൽ നിന്ന് തന്നെ ഇതിനു ചെലവാകുന്ന പണം ഈടാക്കുമെന്നാണ് പുതിയ ഭേദഗതി. ഇതിനു പുറമേ രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നവരെ ശിക്ഷാ കാലവധിക്ക് ശേഷം നാടുകടത്താനും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

നാടുകടത്തപ്പെടുന്ന വ്യക്തിക്കൊപ്പം ആശ്രിത വിസക്കാരുണ്ടെങ്കില്‍ അവരും രാജ്യം വിടണം. നാടുകടത്താനുള്ള ചെലവ് വ്യക്തിയിൽ നിന്ന് ഈടാക്കാന് കഴിയാത്ത സാഹചര്യത്തില്‍ അയാളുടെ തൊഴിലുടമയില്‍ നിന്ന് ഈടാക്കും. അതിനും കഴിയാതെ വരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഇതിനുള്ള ചെലവുകൾ വഹിക്കും. അതേസമയം നാടുകടത്തല്‍ മൂലം ഒരുവ്യക്തിക്ക് തന്റെ ഉപജീവന മാര്‍ഗം ഇല്ലാതാകുന്ന സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട അധികാരികൾക്ക് പൊതു താത്പര്യപ്രകാരം മാനുഷിക പരിഗണനയോടെ തുടര്‍നടപടികൾ സ്വീകരിക്കുാം.

ഒരിക്കല്‍ രാജ്യത്തു നിന്ന് നാടുകടത്തപ്പെട്ട  വ്യക്തിക്ക് ഫെഡറൽ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതിയില്ലാതെ പിന്നീട് യുഎഇയിലേക്ക് മടങ്ങിവരാനാവില്ല. നാടുകടത്തേണ്ട വ്യക്തിയെ ഒരുമാസത്തിലേറെ ജയിലിൽ പാര്‍പ്പിക്കരുതെന്നും നിയമത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here