മംഗളൂരു: ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ മലയാളി ഉൾപ്പെടെ രണ്ട് യാത്രക്കാരിൽനിന്നായി 23,09,200 രൂപയുടെ 57.5 പവൻ സ്വർണം പിടികൂടി.
കാസർകോട് മംഗൽപാടി ചെറുഗോളി തോട്ട ഹൗസിൽ മുഹമ്മദ് ഇംതിയാസിൽ(24)നിന്ന് 773080 രൂപയുടെ 154 ഗ്രാം സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെടുത്തത്. ഇയാൾ ധരിച്ചിരുന്ന ബനിയന്റെ ഉള്ളിലും സോക്സിനകത്തും പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചത്. ഞായറാഴ്ച ദുബായിൽനിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.
മറ്റൊരു കേസിൽ ദക്ഷിണ കന്നഡ ബണ്ട്വാൾ സ്വദേശി മുഹമ്മദ് അസീബി(29)ൽനിന്ന് 15,36,120 രൂപ വിലമതിക്കുന്ന 306 ഗ്രാം സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിലൊളിപ്പിച്ചു കടത്താനുള്ള ശ്രമമായിരുന്നു.
ശനിയാഴ്ച ദുബായിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനാണിയാൾ. കസ്റ്റംസ് ഉദ്യോഗസ്ഥരായ വി.എസ്. അജിത്കുമാർ, ശുഭ ഷാലറ്റ് റോഡ്രിഗസ്, വെങ്കപ്പ നായിക്, ചേതൻ കൗസിക് തുടങ്ങിയവർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്.