പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്; ഓണാവധിക്ക് എത്തിയവരുടെ മടക്കയാത്ര കൈപൊള്ളിക്കും

0
216

കോഴിക്കോട്: ഓണാവധിക്ക് നാട്ടിലെത്തിയ പ്രവാസികളെ ആശങ്കയിലാക്കി വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു. യുകെയിലേക്ക് രണ്ടിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്. കോഴിക്കോട് നിന്നും യുകെയിലേക്ക് അടുത്തയാഴ്ച 1.25 ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്. കോഴിക്കോട് നിന്നും ദുബൈയിലേക്ക് 45,000 രൂപ മുതല്‍ 56,000 രൂപ വരെയാണ് അടുത്ത ദിവസങ്ങളിലെ  ടിക്കറ്റ് നിരക്ക്. അബുദാബിക്കുളള ടിക്കറ്റിന്  നാല്‍പ്പതിനായിരം രൂപയിലധികവും. ടിക്കറ്റ് നിരക്ക് അപ്രതീക്ഷിതമായി ഉയർന്നതോടെ, ഓണാവധിക്ക് നാട്ടിലെത്തിയ മലയാളികൾ ആശങ്കയിലാണ്. 

ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ നാട്ടില്‍ നിന്ന് തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്കും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തിരിച്ചടിയായിട്ടുണ്ട്. വേനല്‍ അവധിക്ക് ഗള്‍ഫില്‍ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് തിരികെ മടങ്ങാന്‍ പ്രയാസം അനുഭവിക്കുന്നത്. ഒരാള്‍ക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. 

നാലംഗ കുടുംബത്തിന് ദുബൈയിലേക്ക് മടങ്ങാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിലേക്കാണെങ്കില്‍ 5000 മുതല്‍ 10,000 രൂപ വരെ നിരക്ക് വര്‍ധിക്കും. ഉയര്‍ന്ന തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ യുഎഇയിലെക്ക് മടങ്ങണമെങ്കില്‍ കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപ ചിലവ് വരും. ഖത്തറിലേക്കും മസ്‌കറ്റിലേക്കും ഒരാള്‍ക്ക് 35,000 രൂപയും ബഹ്‌റൈനിലേക്ക് ഒരാള്‍ക്ക് 44,000 രൂപയ്ക്ക് മുകളിലുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടി വരിക. റിയാദിലേക്ക് 50,000 രൂപയാണ് നിരക്ക്. സെപ്തംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.  

യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമുള്ള വിസാ പ്രതിസന്ധി തുടരുന്നു.  വിദ്യാര്‍ത്ഥികളുള്‍പ്പെടെ പതിനായിരക്കണക്കിനാളുകളാണ് വിസക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.  അപേക്ഷകരുടെ എണ്ണം കൂടിയതും എംബസികളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമാണ് വിസ വൈകാന്‍ കാരണം. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ വിമാന ടിക്കറ്റ് നിരക്ക് കുതിക്കുകയാണ്.

യുഎസ് വിസ കിട്ടാന്‍  ഒരു മാസമായിരുന്നു  മുമ്പ് ആവശ്യമായി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒന്നര വര്‍ഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് അപേക്ഷകര്‍. വിസ കിട്ടാനുള്ള കൂടിക്കാഴ്ചയ്ക്ക് ഇപ്പോള്‍ അപേക്ഷിച്ചാല്‍ അപ്പോയിന്റ്മെന്റ് കിട്ടുന്നത് 2024 മാര്‍ച്ചിലേക്ക്. ഇതും കഴിഞ്ഞ് നടപടികള്‍ പൂര്‍ത്തിയാക്കി വിസ കിട്ടാന്‍  പിന്നേയും വൈകും. യുകെയിലേക്കുള്ള വിസക്കായി അപേക്ഷകര്‍ രണ്ടു മാസത്തിലധികം കാത്തിരിക്കണം. ഷെങ്കന്‍ വിസ ആവശ്യമുള്ള ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇതോടെ പലരുടേയും  യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. മുന്‍നിശ്ചയിച്ച ടൂര്‍ പാക്കേജുകള്‍ എല്ലാം ട്രാവല്‍ ഏജന്‍സികള്‍ റദ്ദ് ചെയ്തു. ഉദ്യോഗസ്ഥരുടെ കുറവാണ് വിസാ നടപടികള്‍ വൈകാനുള്ള കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിസന്ധി മറികടക്കാൻ മുന്‍ഗണനാടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിസ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഥമ പരിഗണന.

LEAVE A REPLY

Please enter your comment!
Please enter your name here