പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. ഇനി സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമാകും. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിന് ശേഷമാണ് ഇപ്പോള്‍ നിരോധനം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്.
ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട്, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കല്‍, ആയുധ പരിശീലനമടക്കമുള്ള പരിപാടികള്‍ നടത്തുന്നു, തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ പോപ്പുലര്‍ഫ്രണ്ടിനെതിരെ ഉയര്‍ന്നിരുന്നു.