പുതിയ വിസ ഉടമകള്‍ക്ക് ഇഖാമയില്‍ മൂന്ന് മാസം കുറച്ച് തൊഴില്‍ മന്ത്രാലയം

0
201

റിയാദ്: പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ഇഖാമയില്‍ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി. പുതിയ തൊഴില്‍ വിസയിലെത്തുന്ന എല്ലാവര്‍ക്കും ഇതുവരെ ആദ്യഘട്ടത്തില്‍ 15 മാസത്തെ കാലാവധിയുള്ള ഇഖാമയാണ് ലഭിച്ചിരുന്നത്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 12 മാസത്തേക്ക് പുതുക്കാവുന്ന വിധത്തിലാണിത്. ഇനി മുതല്‍ 12 മാസത്തെ ഇഖാമയാണ് അനുവദിക്കുക. അതിന് പുറമെ ലേബര്‍ കാര്‍ഡ് പുതുക്കുന്നത് ഉള്‍പ്പെടെ തൊഴില്‍ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഖിവ പോര്‍ട്ടലിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും അതില്‍ കുറവും ശേഷിക്കുന്ന പക്ഷമാണ് ബദല്‍ ഇഖാമക്ക് 500 റിയാല്‍ ഫീസ് അടക്കേണ്ടത്. സദ്ദാദ് സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്. ബദല്‍ ഇഖാമ അനുവദിക്കാന്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്.

ജവാസാത്ത് ഡയറക്ടറേറ്റ് ഇല്ലാത്ത പ്രദേശങ്ങളില്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് പൊലീസ് സ്റ്റേഷനിലാണ് അറിയിക്കേണ്ടത്. ഇഖാമ നഷ്ടപ്പെടാനുള്ള കാരണവും നഷ്ടപ്പെട്ട സ്ഥലവും വ്യക്തമാക്കി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവിക്ക് തൊഴിലുടമയോ രക്ഷാകര്‍ത്താവോ നല്‍കുന്ന കത്ത് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ഇഖാമ ഉടമയുടെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഹാജരാക്കലും നിര്‍ബന്ധമാണ്. നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പിയുണ്ടെങ്കില്‍ അതും ഹാജരാക്കണം.

ഇഖാമ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി ജവാസാത്ത് ഡയറക്ടറേറ്റിലുള്ള പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കുകയും വേണം. ഇതിനു പുറമെ ബദല്‍ ഇഖാമക്കുള്ള ഫോറവും പൂരിപ്പിച്ച് നല്‍കണം. പാസ്‌പോര്‍ട്ടിലെ വിവരങ്ങളുമായി പൂര്‍ണമായും ഒത്തുപോകുന്ന നിലയിലാണ് ഫോറം പൂരിപ്പിക്കേണ്ടത്. പൂരിപ്പിച്ച ഫോമുകളില്‍ തൊഴിലുടമ ഒപ്പും സീലും പതിക്കണം.

അപേക്ഷയോടൊപ്പം ബദല്‍ ഇഖാമ അനുവദിക്കാന്‍ ഏറ്റവും പുതിയ രണ്ടു കളര്‍ ഫോട്ടോകളും സമര്‍പ്പിക്കണം. ഇഖാമ നഷ്ടപ്പെടുത്തിയതിനുള്ള പിഴ എന്നോണം 1,000 റിയാലും അടക്കണം. കൂടാതെ വിരലടയാളവും കണ്ണിന്റെ ഐറിസ് ഇമേജും രജിസ്റ്റര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here