പണിതുടങ്ങിയിട്ട് ഒരുവർഷം: ദേശീയപാതാ വികസനം പൂർത്തിയായത് 15%

0
293

കാഞ്ഞങ്ങാട്: ദേശീയപാത-66 വികസനം പൂർത്തിയാക്കാൻ കരാറുകാർക്ക് അനുവദിച്ചത് രണ്ടരവർഷം. പണി തുടങ്ങിയിട്ട് ഒരുവർഷമാകുന്നു. കണ്ണൂർ-കാസർകോട് ജില്ലകളിൽ നാല്‌ റീച്ചുകളിലായി ശരാശരി പണി പൂർത്തിയായത് 15 ശതമാനത്തിൽ താഴെ.

2021 ഒക്ടോബർ ഒന്ന് കണക്കാക്കിയാണ് കരാർ നൽകിയത്. ഇനി ബാക്കിയുള്ളത് ഒന്നരവർഷം. 80 മുതൽ 90 ശതമാനം പണിയും ബാക്കിക്കിടക്കുന്നു. 2024 മാർച്ചുവരെയാണ് കരാരുകാർക്ക് അനുവദിച്ച സമയം. ഉപരിതല ജലഗതാഗതവുമായി ബന്ധപ്പെട്ട് നേരത്തേയുള്ള മാനദണ്ഡങ്ങൾ പലതും മാറിയത് പാലം നിർമാണം തുടങ്ങാൻ തടസ്സമാകുന്നതെന്ന് കരാറുകാർ പറയുന്നു.

തലപ്പാടി-ചെങ്കള

തലപ്പാടിമുതൽ ചെങ്കളവരെ 39 കിലോമീറ്റർ കരാറെടുത്തത് ഊരാളുങ്കൽ സൊസൈറ്റിയാണ്. 1703 കോടി രൂപയാണ് അടങ്കൽ. ഈ റീച്ചിൽ 20 ശതമാനം പണി പൂർത്തിയായി. മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള പാലങ്ങളും കാസർകോട് ടൗണിലെയും ഉപ്പളയിലെയും മേൽപ്പാലവും പതിനൊന്നോളം അടിപ്പാതകളുമാണ് തലപ്പാടി-ചെങ്കള റീച്ചിൽ ഉള്ളത്. തലപ്പാടിയിൽനിന്ന്‌ കേരളത്തിൽ പാത തുടങ്ങുന്നിടത്ത് ഒരുവശത്തെ മൂന്നുകിലോമീറ്ററോളം, ഉദ്യാവരവരെ പണി പൂർത്തിയായി. നവംബറോടെ മറുവശവും ഇതേ ദൂരം പൂർത്തിയാകുമെന്ന് കരാറുകാർ പറഞ്ഞു.

ചെങ്കള-നീലേശ്വരംചെങ്കളമുതൽ നീലേശ്വരം പള്ളിക്കരവരെ നീളുന്ന റീച്ചിൽ 37 കിലോമീറ്ററാണ് ഉൾപ്പെടുന്നത്. ഇവിടെ 12 ശതമാനം പണി മാത്രമാണ് പൂർത്തിയായത്. തെക്കിൽ, നീലേശ്വരം പാലങ്ങളും ചെർക്കള, മാവുങ്കാൽ, കാഞ്ഞങ്ങാട് സൗത്ത് തുടങ്ങിയ വലിയ മേൽപ്പാലങ്ങളും ഈ റീച്ചിലുണ്ട്. പന്ത്രണ്ടിലേറെ അടിപ്പാതകളുമുണ്ട്.

നീലേശ്വരം-തളിപ്പറമ്പ്

ചെങ്കളമുതൽ നീലേശ്വരം പള്ളിക്കരവരെയും ഇവിടെനിന്ന്‌ തളിപ്പറമ്പ് കുറ്റിക്കോൽവരെയും രണ്ട്‌ റീച്ചുകളായാണ് കരാർ നൽകിയത്. നീലേശ്വരം-കുറ്റിക്കോൽ വരെ 40 കിലോമീറ്റർ. ആകെയുള്ള 77 കിലോമീറ്ററിന് 3000 കോടി രൂപയോളമാണ് അടങ്കൽ. മേഘ കൺസ്ട്രക്ഷനാണ് ഈ രണ്ടിന്റെയും കരാർ ഏറ്റെടുത്തിട്ടുള്ളത്. നീലേശ്വരം-കുറ്റിക്കോൽ റീച്ചിൽ ഇതുവരെ പണി പൂർത്തിയായത് 10 ശതമാനം മാത്രം. കാര്യങ്കോട്, പെരുമ്പ, കുപ്പം പാലങ്ങളും പിലാത്തറ, പരിയാരം എന്നിവിടങ്ങളിലെ വലിയ മേൽപ്പാലങ്ങളും പതിമൂന്നോളം അടിപ്പാതകളും ഈ റീച്ചിൽ ഉൾപ്പെടുന്നു.

കുറ്റിക്കോൽ-മുഴപ്പിലങ്ങാട്

തളിപ്പറമ്പ് കുറ്റിക്കോലിൽ തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്ന നാലാമത്തെ റീച്ചിൽ പണി പൂർത്തിയായത് 14 ശതമാനം മാത്രം. വിശ്വസമുദ്ര എൻജിനിയറിങ്ങാണ് കരാറുകാർ. 29.95 കിലോമീറ്ററുള്ള ഈ റീച്ചിൽ ഏറ്റവും വലിയ പാലം നിർമിക്കേണ്ടത് വളപട്ടണത്താണ്. അഞ്ച് മേൽപ്പാലങ്ങൾ, 15 അടിപ്പാതകൾ എന്നിവയും ഇതിലുൾപ്പെടുന്നു. 2038 കോടി രൂപയാണ് അടങ്കൽ.

ഏറ്റെടുക്കാൻ രണ്ടര ഹെക്ടറോളം ഭൂമി

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ 1.5 ഹെക്ടർ സ്ഥലം ഇനിയും ഏറ്റെടുത്തു നൽകാനുണ്ട്. നഷ്ടപരിഹാരത്തുകയിൽ 42.76 കോടി രൂപ ഇനിയും വിതരണം ചെയ്തിട്ടില്ല. ഇതിൽ അവകാശികൾ എത്താത്തതും തർക്കത്തിൽ കിടക്കുന്നതുമെല്ലാം ഉൾപ്പെടും. 1375.17 കോടി രൂപയാണ് ആകെ വിതരണം ചെയ്യേണ്ട തുക.

കണ്ണൂർ ജില്ലയിൽ ഒരു ഹെക്ടറിൽ താഴെ ഭൂമി മാത്രമാണ് ഏറ്റെടുത്ത്‌ നൽകാനുള്ളത്. 2200 കോടി രൂപയാണ് ആകെ വിതരണം ചെയ്യേണ്ടത്. ഇതിൽ 33.45 കോടി രൂപ മാത്രമാണ് ബാക്കി.

22 കോടി രൂപയുടെ അവകാശികൾ എത്തിയിട്ടില്ല. 10 കോടി രൂപ സ്ഥലമുടമകളുടെ പരാതിയുള്ളതാണ്. ബാക്കി 1.45 കോടി രൂപ വൈകാതെ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here