നായയെ പിടിച്ചാൽ 300 രൂപ, ആളെ വേണം; അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും

0
267

കാസർകോട് ∙ തെരുവു നായ ശല്യം തുടരുന്നതിനാൽ നായ പിടിത്തക്കാരെ തേടി മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. നേരത്തേ ജില്ലയിൽ ഈ സേവനം നടത്തിയിരുന്ന നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിർവഹണ ഏജൻസി ആനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി കിട്ടാത്തതിനാൽ  ജില്ല വിട്ടതോടെ അസം സ്വദേശികളുൾപ്പെടെയുള്ള നായ പിടിത്തക്കാരും ഇല്ലാതായി. 2016 മുതൽ കാസർകോട് വന്ധ്യംകരണം പദ്ധതി വിജയകരമായി നടന്നു വരുന്നതിനിടെയാണ് പദ്ധതി ഇവിടെ തുടരാൻ കഴിയാതെ നിലച്ചത്.

38 പഞ്ചായത്തുകളും 3 നഗരസഭകളും ഉള്ള ജില്ലയിൽ 10 പേരെയെങ്കിലും കിട്ടാനുള്ള നടപടികളിലാണ്  മൃഗസംരക്ഷണ വകുപ്പ് അധികൃതർ. വളർത്തു നായ്ക്കകൾക്ക് വന്ധ്യംകരണം നടത്തി ജനന നിയന്ത്രണം നടപ്പിലാക്കും. 26 മുതൽ 1 മാസം നായ്ക്കൾക്കു വാക്സിനേഷൻ നൽകാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 40000 ഡോസ് വാക്സിൻ ആണ് ആവശ്യം.30നകം അതത് മൃഗാശുപത്രികളിൽ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും. പരിശീലനം നേടി നിയമനം കിട്ടുന്നവർക്ക് ഒരു നായയെ പിടിച്ചാൽ 300 രൂപ നൽകും.

കുറുക്കൻ വഴിയുള്ള പ്രജനനവും തടയണം

തെരുവു നായ ശല്യം കുറയ്ക്കാൻ വിവിധ നിർദേശങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ മുന്നോട്ടു വച്ചിട്ടുള്ളത്. എബിസി പദ്ധതി ബ്ലോക്കുകൾ തോറും ആരംഭിക്കുക, ആൺ നായ്ക്കളെ മാത്രമല്ല കുറുക്കൻ പ്രജനനം നടത്താൻ സാധ്യതയുള്ള പെൺ നായ്ക്കളെയും വന്ധ്യംകരണം നടത്തുക. വളർത്തു നായ്ക്കളെയും എബിസി പദ്ധതിയിൽ ഉൾപ്പെടുത്തുക, വന്യമൃഗങ്ങളിൽ നിന്ന് നാട്ടുമൃഗങ്ങളിലേക്ക് രോഗ വ്യാപനം തടയാൻ വനാതിർത്തി പ്രദേശങ്ങളിൽ 1 കിലോമീറ്റർ പരിധിയിൽ എങ്കിലും മൃഗങ്ങളിൽ ഓറൽ വാക്സിൻ രീതി പരീക്ഷിക്കുക, ശാസ്ത്രീയമായ മാലിന്യ നിർമാർജനം ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്കു പിഴ ചുമത്തി പദ്ധതി വിഹിതത്തിൽ നിന്നു ഈടാക്കുക, തെരുവു നായ്ക്കൾക്കു പാചകം ചെയ്ത സസ്യാഹാരം ലഭ്യമാക്കുക, സമൂഹത്തിന്റെ സഹജീവികളായി നായ്ക്കളെ തിരിച്ചു കൊണ്ടു വരിക തുടങ്ങിയവയാണ് നിർദേശങ്ങൾ.

അക്രമ സ്വഭാവമില്ലെന്ന്!

ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ എബിസി പദ്ധതി വിജയകരമായി നടപ്പിലാക്കിയ കാസർകോട് നഗരസഭാ പരിധിയിലെ 98 ശതമാനം നായകളിലും അക്രമ സ്വഭാവമില്ലെന്ന് നഗരസഭ, മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. എന്നാലും നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തും.

നായ വളർത്തൽ ലൈസൻസില്ലാതെ

നായ വളർത്തലിനു ലൈസൻസ് നിർബന്ധമാക്കി വർഷങ്ങൾ ആയെങ്കിലും നാമമാത്രമായ തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് ഇത് കർശനമാക്കിയത്. ബ്രീഡിങ്ങിന് ലൈസൻസ് നിർബന്ധമാക്കിയിട്ടുമില്ല. തോന്നും പോലെ വളർത്തുകയും പെറ്റു പെരുകുമ്പോൾ അധികമുള്ളതിനെ തെരുവിലേക്ക് തള്ളുകയും ചെയ്യുന്നത് പതിവാണ്.

പല കുടുംബങ്ങൾ ഇവയ്ക്കു ഭക്ഷണം നൽകി. സമൂഹത്തിനു സംരക്ഷകരായിരുന്ന നായ്ക്കൾ വഴിയോരങ്ങളിൽ അറവുമാലിന്യങ്ങൾ തിന്നു തുടങ്ങി. ഇത് കിട്ടാതായപ്പോൾ മാംസാഹാരത്തിനുള്ള അലച്ചിൽ ആയി. ബാഗുകളും സഞ്ചികളുമായി പോകുന്നവരെ ആക്രമിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം വിദ്യാനഗറിലെ ഒരു വീട്ടുമുറ്റത്ത് കയറി 2 തെരുവു നായ്ക്കൾ 2 പൂച്ചക്കുട്ടികളെയാണ് റാഞ്ചിക്കൊണ്ടു പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here