തൊട്ടാൽ പൊള്ളും? പരസ്യപ്രസ്താവനയിൽ ഷാജിക്കെതിരെ കടുത്ത നടപടിയില്ല

0
157

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി ലക്ഷ്യം വെച്ചുള്ള പരസ്യ പ്രസ്താവനകളില്‍ കെ.എം ഷാജിക്കെതിരെ കടുത്ത നടപടിയില്ല. പ്രസംഗങ്ങളില്‍  സൂക്ഷമത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട സാദിഖലി തങ്ങള്‍ ഷാജിയുടെ വിശദീകരണം തൃപ്തികരമാണെന്ന് പ്രതികരിച്ചു. ഷാജിക്കെതിരെ കടുത്ത നടപടിയുണ്ടായാല്‍ പാര്‍ട്ടിക്ക് പരിക്കേല്‍ക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഉന്നതാധികാര സമിതിയില്‍പ്പെട്ട എം.കെ മുനീറും  ഇ.ടി മുഹമ്മദ് ബഷീറും കെപിഎ മജീദും പാണക്കാട്ട് നേരിട്ടെത്തിയിരുന്നു.

പൊതുവേദികളിലെ പ്രസംഗങ്ങളിലൂടെ കെ.എം ഷാജി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു എന്നായിരുന്നു വിമര്‍ശനം. ഷാജിക്കെതിരെ താക്കീത് പോലെയുള്ള നടപടിയായിരുന്നു കുഞ്ഞാലിക്കുട്ടി പക്ഷം പ്രതീക്ഷിച്ചത്. വിശദീകരണം ആവശ്യപ്പെട്ട് ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തിയ തങ്ങള്‍ പക്ഷെ വലിയ നടപടിയിലേക്ക് കടന്നില്ല.

പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്ന് ഷാജിയോട് ആവശ്യപ്പെട്ടെന്നും ഇത് ഷാജി ഉള്‍ക്കൊള്ളുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗ് അണികളില്‍ കാര്യമായ സ്വാധീനമുള്ള ഷാജിക്കെതിരെ നടപടിയുണ്ടായാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണം
വരുത്തുമെന്ന മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം നിര്‍ണ്ണായകമായി എന്നാണ് സൂചന.

എം.കെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവര്‍ ഇന്ന് പാണക്കാട്ടെത്തി തങ്ങളെ കണ്ടിരുന്നു. സംഘടനയ്ക്ക് ഗുണകരമായ കാര്യങ്ങളാണ് തങ്ങളുമായി ചര്‍ച്ച ചെയ്തതെന്നും അക്കാര്യങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും ഇടിയും മുനീറും പ്രതികരിച്ചു. പറയാനുള്ളതെല്ലാം തങ്ങള്‍ പറഞ്ഞെന്നും പാര്‍ട്ടിയില്‍ രണ്ട് ചേരികളില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കെ.എം ഷാജി തയാറായില്ല.

വിഷയം ചര്‍ച്ചചെയ്യാന്‍ ഉന്നതാധികാരസമിതി ചേരാനായിരുന്നു ആദ്യ തീരുമാനം. അതില്‍ ഭിന്നതയുണ്ടായാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന വിലയിരുത്തലുണ്ടായതിനെ തുടര്‍ന്ന് സാദിഖലി തങ്ങള്‍ ഷാജിയെ ആദ്യം  വിളിച്ചു വരുത്തുകയായിരുന്നു. പിന്നീടാണ് ഉന്നതാധികാരസമിതി അംഗങ്ങളായ എം.കെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവര്‍ പാണക്കാട്ട് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here