ക്ലിഫ് ഹൗസിലെ തൊഴുത്തു നിർമാണം തുടങ്ങി; പശുക്കൾക്കു പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം

0
247

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തി‍ന്റെയും ചുറ്റുമതിലിന്റെയും നിർമാണം തുടങ്ങി. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണു പൊതുമരാമത്തു വകുപ്പ് (കെട്ടിട വിഭാഗം), കരാറുകാരനു നൽകിയ കർശന നിർദേശം. പശുക്കൾക്കു പാട്ടു കേൾക്കാൻ തൊഴുത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതും ആലോചനയിലാണ്.

8 പേർ ടെൻഡറിൽ പങ്കെടുത്തു. ബാലരാമപുരം സ്വദേശിക്കാണ് പൊതുമരാമത്തു വകുപ്പ് കരാർ നൽകിയത്. നിർമാണച്ചെലവ് 42.90 ലക്ഷം രൂപ. ക്ലി‍ഫ് ഹൗസിൽ നിലവിലെ തൊഴുത്തിൽ 5 പശുക്കളുണ്ട്. ഇതിനു പുറമേയാണ് 6 പശുക്കളെ പ്രവേശിപ്പിക്കാൻ പുതിയ തൊഴുത്തു നിർമിക്കുന്നത്. ജോലിക്കാർക്കു താമസിക്കാനായി വർഷങ്ങൾക്കു മുൻപു നിർമിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കാലിത്തൊഴുത്തു നിർമിക്കുന്നത്.

തൊഴുത്തു വൈദ്യുതീകരിക്കുന്നതിനു പ്രത്യേകമായി തുക വകയിരുത്തി.

പുതിയ തൊഴുത്ത്

∙ നിർമാണം 800 ചതുരശ്രയടിയിൽ

∙ ജോലിക്കാർക്കു വിശ്രമിക്കാൻ പ്രത്യേക മുറി

∙ കാലിത്തീറ്റയും മറ്റും സൂക്ഷിക്കാൻ വേറെ മുറി

∙ ഇരുനില മന്ദിരത്തി‍നുള്ള ഫൗണ്ടേഷൻ

∙ ഇപ്പോൾ നിർമിക്കുന്നത് ഒരു നില മന്ദിരം.

∙ ഭാവിയിൽ, മുകൾ നിലയിൽ ക്ലി‍ഫ് ഹൗസിലെ ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമിക്കും

കർഷകർക്കുള്ള സഹായം തുച്ഛം !

മിൽക് ഷെഡ് ഡവലപ്മെന്റ് പദ്ധതി പ്രകാരം കാലിത്തൊഴുത്തു നിർമിക്കാൻ ക്ഷീര വികസന വകുപ്പ് സഹായം നൽകുന്നുണ്ട്.  ഒരു ലക്ഷം രൂപ കർഷകനു ചെലവായാൽ പരമാവധി അര ലക്ഷം രൂപയാണ് വകുപ്പ് നൽകുക. കാലിത്തൊഴുത്തു നിർമിക്കാൻ ഒരു കർഷകന് പരമാവധി 25,000 രൂപ വരെ മൃഗസംരക്ഷണ വകുപ്പ് സബ്സിഡി നൽകിയിരുന്നു. ഈ ജീവനോപാധി സഹായ പാക്കേജ് നിലവിലില്ലെന്നു വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here