കാലില്‍ കടിച്ച് വളര്‍ത്തുനായ, ലിഫ്റ്റില്‍ വേദന കൊണ്ട് പുളഞ്ഞ് കുട്ടി, കൂസലില്ലാതെ ഉടമയായ സ്ത്രീ

0
229

ലഖ്‌നൗ: അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍വെച്ച് കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഉടമയ്‌ക്കൊപ്പം ലിഫ്റ്റില്‍ കയറിയ വളര്‍ത്തുനായയാണ് ലിഫ്റ്റിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ കാലില്‍ കടിച്ചത്. നായ കുട്ടിയെ കടിക്കുന്നതിന്റെയും കടിയേറ്റ കുട്ടി വേദന കൊണ്ട് പുളയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒട്ടേറെപേര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഗാസിയാബാദിലെ ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച രാവിലെ നടന്ന സംഭവമാണിതെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയാണ് വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ കയറിയത്. നായയെ കണ്ടതോടെ നേരത്തെ ലിഫ്റ്റിലുണ്ടായിരുന്ന ആണ്‍കുട്ടി മുന്‍വശത്തേക്ക് വന്നു. ഇതിനിടെയാണ് നായ കുട്ടിയുടെ കാലില്‍ കടിച്ചത്. എന്നാല്‍ കടിയേറ്റ് വേദന കൊണ്ട് പുളഞ്ഞിട്ടും കുട്ടിയെ പരിചരിക്കാനോ ആശ്വസിപ്പിക്കാനോ നായയുടെ ഉടമയായ സ്ത്രീ തയ്യാറായില്ല. പിന്നീട് ഇവര്‍ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുന്ന സമയത്തും നായ കുട്ടിയെ കടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററിലും മറ്റു സാമൂഹികമാധ്യമങ്ങളിലും പങ്കുവെച്ചിരിക്കുന്നത്. കുട്ടിയെ നായ കടിച്ചിട്ടും യാതൊരു കൂസലുമില്ലാതെ ഉടമയായ സ്ത്രീ നോക്കിനില്‍ക്കുന്നതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here