കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കുത്തേറ്റ് ഗുരുതര നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മീപ്പുഗുരിയിലെ ദീപകിനെയാണ് കൈക്കും കാലിനും കുത്തേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. മീപ്പുഗുരിയിലെ ബന്ധു കെ.കന്യയുടെ വീട്ടില്‍ നില്‍ക്കുന്നതിനിടെ അതിക്രമിച്ച് വീട്ടില്‍ എത്തിയ സംഘം കന്യയെ കയ്യേറ്റം ചെയ്യുകയും ഇവിടെ ഉണ്ടായിരുന്ന ദീപകിനെ വീടിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ട് പോയി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ സന്ദീപ്, ശ്രീഹരി, ലോകേഷ്, പുഷ്പരാജ്, തേജസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കേസ്.
മാരാകായുധങ്ങളുമായി എത്തിയായിരുന്നു അക്രമം. കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസും പൊലീസും സന്ദീപ്, തേജസ് എന്നിവരുടെ വീടുകളില്‍ ചാരായവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നില്‍ കന്യ എന്നാരോപിച്ചായിരുന്നു അക്രമം എന്നാണ് വിവരം. സംഭവത്തില്‍ നരഹത്യശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിരവധി കേസുകളില്‍ പ്രതിയായ ദീപകിനെതിരെ അടുത്തിടെ കാപ്പ ചുമത്തിയിരുന്നു.