കാത്തിരുന്ന് ഒരമ്മ; ചേർത്തുപിടിച്ച് വെള്ളം നൽകി രാഹുൽ ഗാന്ധി: വിഡിയോ വൈറൽ

0
228

തിരുവനന്തപുരം∙ ഭാരത് ജോഡോ യാത്ര കേരളത്തിൽ രണ്ടാം ദിനം പിന്നിടുമ്പോൾ ഏറെ ഹൃദ്യമായ ചിത്രം സൈബർ ഇടങ്ങളിൽ വൈറലാകുന്നു. രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുന്ന ഒരു അമ്മയും, കുടിക്കാൻ വെള്ളം നൽകിയ ശേഷം ചേർത്തുപിടിക്കുന്ന രാഹുലുമാണ് ചിത്രത്തിൽ. തിരുവനന്തപുരത്തെ യാത്രയ്ക്ക് ഇടയിലാണ് രാഹുലിനെ കാണാൻ ഈ ഉമ്മ എത്തിയത്. നിരവധി കോൺഗ്രസ് നേതാക്കളാണ് ചിത്രം പങ്കുവച്ചത്.

‘‘അരുവിക്കര മണ്ഡലത്തിലെ വിതുര ആനപ്പാറയിൽ നിന്നാണ് പ്രവർത്തകർക്കൊപ്പം ഭാരത്‌ ജോഡോ യാത്രയിൽ അണിനിരക്കാൻ സാനിയമ്മ വൈകിട്ട് പട്ടത്ത് എത്തിയത്. രാഹുൽ ഗാന്ധിയെ കണ്ടേ മടങ്ങൂ എന്ന ആഗ്രഹവുമായി എത്തിയ ഉമ്മയ്ക്ക് ഇന്ന് ആ വലിയ ആഗ്രഹം സഫലമായി. രാഹുലിന്റെ അരികിലേക്ക് ഓടിയെത്തിയ ഉമ്മയെ അദ്ദേഹം കലർപ്പില്ലാത്ത സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് വച്ചു. അറുപതു കഴിഞ്ഞ്, പ്രായത്തിന്റെ എല്ലാ അവശതകളും മാറ്റി വച്ചു മൂവർണക്കൊടിയുമായി അണിനിരക്കുന്ന ഈ അമ്മമാരാണ് പാർട്ടിയുടെ വലിയ കരുത്ത്..’– ചിത്രം പങ്കിട്ട് മുൻ എംഎൽഎ കെ.എസ്.ശബരിനാഥൻ കുറിച്ചു.

∙ ‘ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുന്നു’

വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാജ്യമായി ഇന്ത്യ മാറുകയാണെന്ന് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം പട്ടത്തുനിന്ന് ആരംഭിച്ച പദയാത്ര കഴക്കൂട്ടം ജംക്‌ഷനിൽ സമാപിച്ചപ്പോൾ നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. മാധ്യമങ്ങളും സർക്കാരിന്റെ ഏജന്റിനെ പോലെ പ്രവർത്തിക്കുന്നു. ഒന്നിച്ച് നിൽക്കുന്ന ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം. അതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

യാത്രയില്‍ ഒപ്പം അണിചേർന്നവര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നവര്‍ക്കും ടെലിവിഷനിലൂടെ കണ്ടവര്‍ക്കുമെല്ലാം രാഹുല്‍ നന്ദി പ്രകാശിപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, ജോഡോ യാത്ര സംസ്ഥാന കോ-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്, എംപിമാരായ കെ.മുരളീധരൻ, ശശി തരൂർ, അടൂർ പ്രകാശ്, ആന്റോ ആന്റണി, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, വി.ടി.ബൽറാം, ജി.എസ്.ബാബു, പാലോട് രവി, വി.എസ്.ശിവകുമാർ, എം.ലിജു തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here