ഓണം ബമ്പർ സൂപ്പർ ഹിറ്റ്; പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടിയായി ഉയർത്തി

0
187

തിരുവനന്തപുരം: ഓണം ബമ്പർ റെക്കോർഡ് ഇട്ടതിന് പിന്നാലെ പൂജാ ബമ്പറിന്റെ സമ്മാനത്തുക ഉയർത്തി സർക്കാർ. മുൻ വർഷങ്ങളിൽ അഞ്ച് കോടിയായിരുന്ന പൂജ ബമ്പറിന്റെ പുതുക്കിയ സമ്മാനത്തുക 10 കോടിയാണ്. തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ച് ധനമന്ത്രി പൂജ ബമ്പറിന്റെ പ്രകാശനം നടത്തിയിരുന്നു. ഇന്ന് മുതൽ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില.

ഈ വർഷത്തെ തിരുവോണം ബമ്പർ പ്രഖ്യാപിച്ചപ്പോൾ തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. 25 കോടിയാണ് ഒന്നാം സമ്മാനം എന്നതായിരുന്നു അതിന് കാരണം. 67,50000 ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത് അതിൽ അറുപത്താറര ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഓണം ബമ്പറിന് വൻ സ്വീകാര്യത ലഭിച്ചതോടെയാണ് പൂജ ബമ്പറിന്റെ സമ്മാനത്തുകയും സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇനിയുള്ള എല്ലാ ബമ്പർ ടിക്കറ്റുകളുടെയും സമ്മാനത്തുക വർദ്ധിപ്പിക്കുമെന്നാണ് സൂചന.

അതേസമയം, തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഈ വർഷത്തെ തിരുവോണം ബമ്പറടിച്ചത്. 25 കോടിയാണ് ഒന്നാം സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ  TJ 750605 എന്ന ടിക്കറ്റാണ് അനൂപിലേക്ക് ഭാഗ്യത്തെ എത്തിച്ചത്. ഓട്ടോ ഡ്രൈവറാണ് അനൂപ്.

രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. പാലായിലെ മീനാക്ഷി ലക്കി സെന്ററിൽ നിന്ന് പാപ്പച്ചൻ എന്ന ചെറുകിട ലോട്ടറി ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി കിട്ടിയത്. എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമയില്ലെന്ന് പാപ്പച്ചൻ പറഞ്ഞിരുന്നു. ഇടപ്പാടി സ്വദേശിയായ ഡ്രൈവർക്കാണ് സമ്മാനം കിട്ടിയതെന്ന് അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here