ഏഷ്യ കപ്പ് വിജയികളുടെ സമ്മാനത്തുക അറിയണോ?

0
227

ശ്രീലങ്ക ആറാം തവണയാണ് ഏഷ്യ കപ്പ് കിരീടം ചൂടുന്നത്. ഫൈനലിൽ പാകിസ്താനെതിരെ 23 റൺസിനായിരുന്നു ലങ്കയുടെ വിജയം.

ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസടിച്ചപ്പോൾ പാകിസ്താന്റെ മറുപടി ബാറ്റിങ് 147ലൊതുങ്ങി. ഗ്രൂപ്പ് റൗണ്ടിൽ അഫ്ഗാനോട് അട്ടിമറി തോൽവി വഴങ്ങിയ ശ്രീലങ്ക, തുടർന്നുള്ള മത്സരങ്ങളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ലീഗിലെ തുടർന്നുള്ള മത്സരത്തിൽ ബംഗ്ലാദേശിനെ രണ്ടു വിക്കറ്റിന് തോൽപിച്ചാണ് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുന്നത്. സൂപ്പർ ഫോറിൽ ഇന്ത്യ, പാകിസ്താൻ, അഫ്ഗാൻ ടീമുകളെ പരാജയപ്പെടുത്തി ഫൈനലിലെത്തി.

ലീഗ് റൗണ്ടിൽ ഇന്ത്യയോട് തോൽവി വഴങ്ങിയ പാകിസ്താൻ, ഹോങ്കോങ്ങിനെ തോൽപിച്ചാണ് സൂപ്പർ ഫോറിലെത്തുന്നത്. തുടർന്ന് ഇന്ത്യയെയും അഫ്ഗാനെയും മറികടന്നാണ് കലാശപോരിന് യോഗ്യത നേടുന്നത്. ഇതിനിടെ ശ്രീലങ്കയോട് തോൽവി വഴങ്ങി. 2012ലാണ് പാകിസ്താൻ അവസാനമായി ചാമ്പ്യന്മാരാകുന്നത്. ശ്രീലങ്ക ഇതിനു മുമ്പ് 2014ൽ കിരീടം നേടിയിരുന്നു.

എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലങ്കയുടെ ഏഷ്യ കപ്പ് കിരീടധാരണം. 1.60 കോടി രൂപയാണ് ടൂർണമെന്‍റിലെ വിജയികൾക്കുള്ള ഏകദേശ സമ്മാനത്തുക. റണ്ണേഴ്സ് അപ്പിന് 80 ലക്ഷം രൂപ ലഭിക്കും. ആസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഏഷ്യ കപ്പ് വിജയം ശ്രീലങ്കൻ ടീമിന് വലിയ ആത്മവിശ്വാസം നൽകും.

അതേസമയം, ഫൈനൽ കാണാതെ പുറത്തായ ഇന്ത്യൻ ടീമിൽ വലിയ അഴിച്ചുപണിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here