അവകാശികളില്ലാതെ 363 പവൻ; ബസിൽനിന്നു കിട്ടിയ സ്വർണം ലേലം ചെയ്യാൻ കെഎസ്ആർടിസി

0
262

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസില്‍നിന്നു കളഞ്ഞുകിട്ടിയ അവകാശികളില്ലാത്ത സ്വർണം, വെള്ളി ആഭരണങ്ങൾ ആറു വർഷത്തെ ഇടവേളയ്ക്കുശേഷം ലേലം ചെയ്യുന്നു. 2012 ഒക്ടോബർ 25 മുതൽ 2019 ഓഗസ്റ്റ് 31 വരെ ലഭിച്ച ആഭരണങ്ങളാണു ലേലം ചെയ്യുന്നത്. 363.60 പവൻ സ്വർണവും 1942.109 ഗ്രാം വെള്ളിയുമാണ് ലേലം ചെയ്യുന്നത്. ഈ മാസം 30നാണ് ലേലം.

20.62ഗ്രാം (24 കാരറ്റ്), 755.908 (916 ഗോൾഡ്), 1537.47 ഗ്രാം (22 കാരറ്റ്), 373.680 ഗ്രാം (20 കാരറ്റ്), 21.150 ഗ്രാം (18 കാരറ്റ്), 199.138 ഗ്രാം (കല്ലുപതിപ്പിച്ച സ്വർണാഭരണം), 0.850 ഗ്രാം (സ്വർണം 50% താഴെ), 1942.109 ഗ്രാം (വെള്ളി) എന്നിവയാണ് ലേലം ചെയ്യുന്നത്. 2016ലാണ് അവസാനമായി ലേലം നടന്നതെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. ലേല സമയത്ത് മാത്രമേ ആഭരണങ്ങൾ നേരിട്ടു കാണാൻ അനുവദിക്കൂ. ആഭരണങ്ങൾക്കു ലേല തീയതിയിലെ കമ്പോളവില അനുസരിച്ച് അടിസ്ഥാനവില നിശ്ചയിക്കും. ആഭരണങ്ങളുടെ വില ലേല ദിവസം തന്നെ കെഎസ്ആര്‍ടിസിയിലേക്ക് അടയ്ക്കണം.

ബസിൽനിന്നു ലഭിക്കുന്ന ആഭരണങ്ങൾ കലക്‌ഷനൊപ്പം കണ്ടക്ടർ ഡിപ്പോയിലെ കൗണ്ടറിൽ നൽകി രസീത് കൈപ്പറ്റും. ഇതു ഡിപ്പോ റജിസ്റ്ററില്‍ രേഖപ്പെടുത്തും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആളുകൾ എത്തി രേഖകൾ ഹാജരാക്കിയാൽ ആഭരണം കൈപ്പറ്റിയതായി പേപ്പറിൽ എഴുതി വാങ്ങിയശേഷം വിട്ടു നൽകും. ഉടമസ്ഥർ ഹാജരായില്ലെങ്കിൽ ഡിപ്പോ ചുമതലയുള്ളയാൾ ആഭരണത്തിൽ തൂക്കം അടക്കമുള്ള കാര്യങ്ങൾ രേഖപ്പെടുത്തി ചീഫ് ഓഫിസിലേക്ക് അയയ്ക്കും. ഇങ്ങനെയുള്ള ആഭരണങ്ങളാണ് ഇപ്പോൾ ലേലം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here