ന്യൂഡല്‍ഹി : ഹിജാബ് ധരിക്കുന്നത് തന്റെ മതത്തിന് ഗുണകരമാണെന്ന് ഒരു മുസ്‌ലിം സ്ത്രീ കരുതുന്നുവെങ്കില്‍, അത് എതിര്‍ക്കാന്‍ കോടതികള്‍ക്കോ അധികാരസ്ഥാപനങ്ങള്‍ക്കോ ആകില്ലെന്ന് ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീംകോടതിയില്‍. ഹിജാബ് കേസില്‍ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ഷു ധുലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെ തുടര്‍ച്ചായ ഏഴാം ദിവസമാണ് വാദം നടക്കുന്നത്.
ലൗ ജിഹാദായിരുന്നു ആദ്യ ആരോപണം. ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് തടയുന്നു. ന്യൂനപക്ഷ സമുദായത്തെ അരികുവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനാല്‍ ആരുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്ന് പറയാനാകില്ല. മതപരമായ അവകാശം വ്യക്തിപരമാണ്. ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഹിജാബ് അസ്തിത്വത്തിന്റെ ഭാഗമാണ്. മഹത്തായ പാരമ്പര്യത്തില്‍ കെട്ടിപ്പടുത്ത രാജ്യമാണ് ഇന്ത്യ. അയ്യായിരത്തിലേറെ വര്‍ഷത്തിനിടെ രാജ്യം പലമതങ്ങളും സ്വാംശീകരിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിലാണ് രാജ്യം നിലകൊള്ളുന്നത്. സിഖ് വിഭാഗത്തിന് തലപ്പാവെന്നപോലെത്തന്നെ പ്രാധാന്യമേറിയതാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ്. വിശ്വാസത്തിന്റെ ഭാഗമാണതെന്നും അതില്‍ തെറ്റുപറയാനാകില്ലെന്നും ദവെ വാദിച്ചു.