കാസർകോട്: കാസര്‍കോട് മെഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ഒരു കോടി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സിനില്‍ കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തില്‍ വേറേയും പണം തട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
സ്വര്‍ണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒരുകോടി 65 ലക്ഷം രൂപ മൊഗ്രാല്‍ പുത്തൂരില്‍ വച്ച് 2021 സെപ്റ്റംബര്‍ 22 നാണ് കൊള്ളയടിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി കൈലാസിന്‍റെ പണമാണ് കവർന്നത്. ഈ സംഭവത്തിലാണ് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ മാലൂർ സ്വദേശി സിനില്‍ കുമാറിനെ കൊച്ചിയില്‍ നിന്ന് കാസര്‍കോട് പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഒന്‍പതാം പ്രതിയാണ് സിനില്‍കുമാര്‍. ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. സിനിലാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 30 ലക്ഷം രൂപയും 72 ഗ്രാം സ്വര്‍ണവും ഏഴ് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. നിലമ്പൂരില്‍ നിന്ന് 84 ലക്ഷം രൂപ, ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, കതിരൂരില്‍ നിന്ന് 50 ലക്ഷം എന്നിവ കവര്‍ന്നതും ഈ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവരുന്നത് ഹവാല പണം ആയതിനാല്‍ കേസ് നല്‍കില്ല എന്ന ധൈര്യത്തിലാണ് സംഘത്തിന്‍റെ പ്രവര്‍ത്തനം.