സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തം; പിഎഫ്ഐ ഓഫിസുകൾ ഇന്ന് മുദ്രവച്ചേക്കും

0
169

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകൾ ഇന്ന് മുദ്രവച്ചേക്കും. സർക്കാർ ഇന്ന് ഉത്തരവ് ഇറക്കിയാൽ പൊലീസ് നടപടികളിലേക്ക് കടക്കും. സംഘടനയുടെ നേരിട്ടുള്ള ഓഫിസുകൾ മാത്രമാകും മുദ്രവയ്ക്കുക. വാടക കെട്ടിടങ്ങൾ ഒഴിവാക്കിയേക്കും. ട്രസ്റ്റുകളുടെ പേരിലുള്ള കെട്ടിടങ്ങൾ നിയമംനോക്കി മാത്രമേ മുദ്രവയ്ക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടി തുടങ്ങി. സമൂഹമാധ്യമങ്ങളിൽ  അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. ഡൽഹിയിലും മുംബൈയിലും ജാഗ്രത തുടരുകയാണ്. സംഘടനാപ്രവർത്തനം അവസാനിപ്പിച്ച് രേഖകൾ കൈമാറാൻ നേതാക്കൾക്ക് നിർദേശം നൽകും. പിഎഫ്ഐക്കെതിരായ നീക്കത്തിന് മുൻപ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വിവിധ മുസ്‌ലിം സംഘടനാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

തീവ്രവാദകേസില്‍ എൻഐഎ അറസ്റ്റ് ചെയ്ത  പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പതിനൊന്ന് മണിയോടെ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ അന്വേഷണസംഘം കസ്റ്റഡിയിൽ അവശ്യപ്പെടും. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താർ.  കേസിലെ പന്ത്രണ്ടാംപ്രതി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഒളിവിലാണ്.  പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിന് പിന്നാലെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനും സത്താറിനെതിരെ കേസുണ്ട്. മിന്നൽ ഹർത്താൽ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അക്രമം നടത്തിയവർക്കെതിരെ ഐപിസിയിലെ വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കണമെന്നും ഇക്കാര്യങ്ങൾ  അറിയിക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here