സോമംഗലം: കരിഞ്ചന്തയിലെ മദ്യ വിൽപ്പന പൊലീസിനെ അറിയിച്ച് തടഞ്ഞതിലെ പ്രതികാരം തീർക്കാനായി യുവ കൗൺസിലറെ മദ്യ വിൽപ്പന നടത്തിയിരുന്ന സ്ത്രീ തലയറുത്ത് കൊന്നു. 30 വയസ് പ്രായമുള്ള ഡി എം കെ കൗൺസിലറാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിൽ നടുവീരപ്പട്ടിലെ ജനപ്രതിനിധിയായ എം സി സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തയാണ് ലോകേശ്വരി ഏലിയാസ് എസ്തർ (45) എന്ന സ്ത്രീ തലയറുത്ത് കൊന്നത്. വാൾ കൊണ്ട് കഴുത്തറുത്ത് ക്രൂരമായി കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പ്രതിയായ ലോകേശ്വരി ഒളിവിൽ പോയിട്ടുണ്ട്.
DMK panchayat member of Naduveerapattu / Somangalam hacked to death by woman bootlegger near #Chennai #TamilNadu @dt_next @tnpoliceoffl @arivalayam
Sathish Lokeshwari pic.twitter.com/wwkftfehig
— Raghu VP / ரகு வி பி / രഘു വി പി (@Raghuvp99) September 19, 2022
നടുവീരപ്പാട്ടിലെ എട്ടയപുരത്ത് മരിച്ച സതീഷ് വാർഡ് കൗൺസിലറും സ്ഥലത്തെ ഡി എം കെ സെക്രട്ടറിയുമായിരുന്നു. സ്ഥലത്ത് അനധികൃതമായി മദ്യവിൽപ്പന നടത്തിയിരുന്ന ലോകേശ്വരിയുമായി സതീഷ് പലപ്പോഴും തർക്കത്തിലേർപ്പെട്ടിട്ടുണ്ട്. അനധികൃതമായി മദ്യവിൽപ്പന അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പൊലീസിൽ അറിയിക്കുമെന്നും സതീഷ് നേരത്തെ തന്നെ ഇവരോട് പറഞ്ഞിരുന്നു. എന്നാൽ ലോകേശ്വരി ഇതൊന്നും ചെവികൊണ്ടിരുന്നില്ല. ഒടുവിൽ സതീഷ് പൊലീസിൽ പരാതിപ്പെടുകയും അനധികൃത മദ്യ വിൽപ്പന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെടൽ ശക്തമായതോടെ ലോകേശ്വരിയുടെ വീട്ടിലേക്ക് മദ്യം വാങ്ങാനെത്തുന്നത് എല്ലാവരും ഒഴിവാക്കുകയായിരുന്നു. ഇതോടെ ലോകേശ്വരിയുടെ വരുമാനം നിലച്ചു. ഇതാണ് സതീഷിനോട് കടുത്ത പ്രതികാരം തോന്നാൻ കാരണമായത്.
തിങ്കളാഴ്ച സതീഷിനെ വീട്ടിലേക്ക് ക്ഷണിച്ച ലോകേശ്വരി, വാതിൽ പൂട്ടിയ ശേഷം കയ്യിൽ കരുതിയിരുന്ന വാൾ കൊണ്ട് സതീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം മൃതദേഹം വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് വീട് പൂട്ടി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. സോമംഗലം പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് മാറ്റിയിട്ടുണ്ട്. ഒളിവിൽ പോയ ലോകേശ്വരിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലോകേശ്വരി നേരത്തെ വേശ്യാവൃത്തിക്കേസുകളിലും പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.