വെള്ളക്കെട്ടില്‍ ബെംഗളൂരു; ടെക്കികൾക്കു പോകാൻ ട്രാക്ടർ

0
238

ബെഗളൂരു: ശക്തമായ മഴയിൽ ബെംഗളൂരു നഗരത്തിലെ ജനജീവിതം താറുമാറായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്ത മഴയിൽ നഗരത്തിൽ പലഭാഗങ്ങളും വെള്ളത്തിലായി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇത്തരത്തിൽ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടത്‌.

ഞായറാഴ്ച പെയ്ത മഴയിൽ മാറത്തഹള്ളി, കുബീസനഹള്ളി, തനിസാന്ദ്ര തുടങ്ങിയിടങ്ങളിലെ നിരവധി ഐ.ടി, ബിസിനസ് പാർക്കുകളിൽ വെള്ളം കയറി.

ബെംഗളൂരു നഗരം വെള്ളക്കെട്ടിലായതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവരായാണ്. പലരും സ്വന്തം വാഹനങ്ങൾ റോഡിലിറക്കാൻ സാധിക്കാത്തതോടെ ട്രാക്ടറിലും ക്രൈയിനിലും ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വെള്ളക്കെട്ട് രൂപപ്പെട്ട റോഡുകളിൽ ബസുകളും മറ്റു വാഹനങ്ങളും ഇറക്കുന്നതിവ് ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ട്രാക്ടർ അടക്കമുള്ള വാഹനങ്ങളിൽ കയറി ഐ.ടി. ജീവനക്കാർക്ക് ഓഫീസുകളിലേക്ക് പോകേണ്ടി വന്നത്. ചില സ്ഥാപനങ്ങള്‍ ജീവനക്കാരോട് വര്‍ക് ഫ്രം ഹോം ആവശ്യപ്പെട്ടു. പലയിടത്തും വൈദ്യുതിയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

അതേസമയം വെള്ളക്കെട്ടിൽ കൂടി സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന 23കാരി ഷോക്കേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രി സിദ്ധപുരയില്‍ വെള്ളം നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്നതിനിടേയായിരുന്നു അഖിലയ്ക്ക് ഷോക്കേറ്റത്. ഇലക്ട്രിക് പോസ്റ്റിൽ തട്ടിയായിരുന്നു ഷോക്കേറ്റെതെന്നാണ് വിവരം. സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന അഖില വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്. രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. റോഡിൽ മുട്ടോളം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിൽ കൂടി അഖില സ്കൂട്ടർ ഓടിച്ച് വീട്ടിലേക്ക് പോക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചപ്പോഴാണ്‌ ഷോക്കേറ്റത്. തെറിച്ചു വീണ അഖിലയെ ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഴക്കെടുതിയിൽ 430 വീടുകൾ പൂർണ്ണമായും തകർന്നു, 2188 വീടുകൾ ഭാഗികമായി തകർന്നു, 225 കിലോ മീറ്ററിലേറെ റോഡ് തകർന്നു, പാലം, വൈദ്യുതി തൂണുകൾ തുടങ്ങിയവയും തകർന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അതേസമയം, നഗരത്തിലെ വെള്ളം വറ്റിക്കാനും മറ്റുപ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ 1,800 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here