കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. ഈ മാസം ഇതുവരെ 7786 പേർ പനി ബാധിച്ചു ചികിത്സ തേടി. ഈ വർഷത്തെ പനി ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 1,62,022 പേരാണ് ഇതുവരെ പനി ബാധിച്ചു ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഹോമിയോ, ആയുർവേദം, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ പനി ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കും.
ഈ മാസം മാത്രം 10 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം 173 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങ ളോടെ ഈ മാസം 8 പേരും ഈ വർഷം 395 പേരും ചികിത്സ തേടി. എലിപ്പനി ജില്ലയിൽ ഈ മാസം ഒരാൾക്കു സ്ഥിരീകരിച്ചു. ഈ വർഷം 49 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
എലിപ്പനി ലക്ഷണത്തോടെ ഈ മാസം 3 പേരും ഈ വർഷം 33 പേരും ചികിത്സ തേടി. ഈ മാസം ഇന്നലെ വരെ ഒരാൾക്കു മാത്രമാണു മലമ്പനി സ്ഥിരീകരിച്ചത്. ഈ വർഷം 9 പേർക്കാണു മലമ്പനി സ്ഥിരീകരിച്ചത്. ജില്ലയിൽ ദിവസം ശരാശരി 1000ത്തിലേറെ പേർ പനി ബാധിച്ചു ചികിത്സ തേടുന്നുണ്ട്.
കാലാവസ്ഥ മാറ്റം പനി ബാധിതരുടെ എണ്ണം കൂടുന്നു
കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. മാറി മാറി വരുന്ന മഴയും വെയിലും പനി ബാധിതരുടെ എണ്ണം കൂട്ടുന്നു. പനി ബാധിതരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുതല്‍ ഉണ്ടാകാമെന്ന് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നു.
എന്നാൽ പരിശോധനകൾ ഇല്ലാത്തത് കോവിഡ് ബാധിതരുടെ എണ്ണം കൃത്യമായി കണ്ടെത്താൻ തടസ്സമാകുന്നു. ജില്ലയിൽ ദിവസം 10ത്തോളം പേർക്ക് ആണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കുന്നത്. രണ്ടോ മൂന്നോ ദിവസം കൊണ്ടു പനി മാറുന്നതിനാൽ ആരും പരിശോധന നടത്താന്‍ തയാറാകുന്നില്ല. ചുമയും മറ്റു ശാരീരിക അസ്വസ്ഥതകളും ദിവസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യുന്നു.
വയറിളക്ക ബാധിതർ ഈ വർഷം കൂടുതൽ
മുൻ വർഷങ്ങളെ അപേക്ഷിച്ച് വയറിളക്കം ബാധിച്ചവരുടെ എണ്ണം ഇത്തവണ ഏറെയാണ്. ഈ മാസം ഇതുവരെയായി 505 പേരാണു ചികിത്സ തേടിയത്. ഈ വർഷം ഇതു വരെയായി 15790 പേർ വയറിളക്കം ബാധിച്ച് ചികിത്സ തേടി. കഴിഞ്ഞ വർഷം ജൂൺ വരെ 3000ത്തിൽ താഴെയായിരുന്നു വയറിളക്കം ബാധിച്ചവരുടെ എണ്ണം. വേനൽക്കാലത്താണു വയറിളക്കം രോഗം കൂടുതലായി ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണു രോഗം കൂടുതലായി പടർന്നത്.
ഇവർ ശ്രദ്ധിക്കണം
പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ അസുഖം, വൃക്ക, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പനിക്കു സ്വയം ചികിത്സ നടത്താതെ ആശുപത്രിയിൽ ചികിത്സ തേടണം. പ്രതിരോധ ശേഷി കുറഞ്ഞവരും ആശുപത്രിയിൽ ചികിത്സ തേടണം. ഗർഭിണികളും പനി ബാധിച്ചാൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.