‘വിവാഹമോചനം സ്വാതന്ത്ര്യം’; ആഘോഷിക്കാൻ ഡിവോഴ്സ് പാർട്ടി, വിവാദത്തെ തുടർന്ന് റദ്ദാക്കി

0
198

ഭോപാൽ ∙ വിവാഹമോചനം നേടിയ 18 പുരുഷന്മാർക്കായി സംഘടിപ്പിച്ച ‘ഡിവോഴ്സ് പാർട്ടി’ പ്രതിഷേധങ്ങളെ തുടർന്നു റദ്ദാക്കി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ഭായ് വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ സംഘടിപ്പിച്ച ചടങ്ങാണ് റദ്ദാക്കിയത്. ഈ മാസം 18ന് ഒരു റിസോർട്ടിലാണ് ‘ഡിവോഴ്സ് പാർട്ടി’ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ആഘോഷച്ചടങ്ങിലേക്കുള്ള ക്ഷണപത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

‘‘ചില സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് വേദിയുടെ ഉടമ ബുക്കിങ് റദ്ദാക്കിയതിനാൽ ഈ പരിപാടി നടത്തേണ്ടതില്ലെന്ന് സൊസൈറ്റി തീരുമാനിച്ചു. ഞങ്ങളുടെ പ്രധാന ജോലി നിയമസഹായം നൽകുകയും പ്രതിസന്ധികളെ തരണം ചെയ്യാൻ ആളുകളെ സഹായിക്കുകയും ചെയ്യുകയാണ്. അതിനാൽ അനാവശ്യ വിവാദങ്ങൾക്ക് താൽപര്യമില്ല.’’– സംഘടനയുടെ കൺവീനർ സാക്കി അഹമ്മദ് പറഞ്ഞു.

വിവാഹമോചന കേസുകളിൽ പ്രശ്‌നങ്ങൾ നേരിടുന്ന പുരുഷന്മാർക്കായി ഹെൽപ്‌ലൈൻ നടത്തുകയാണ് ഭായ് വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ. സാമ്പത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല മേഖലകളിലും പോരാടി ഒരാൾക്ക് ഈ ‘സ്വാതന്ത്ര്യം’ ലഭിക്കുമ്പോൾ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവോഴ്സ് പാർട്ടി സംഘടിപ്പിച്ചത്. വിവാഹമോചനത്തിനു ശേഷം ജീവിതം അവസാനിച്ചിട്ടില്ലെന്നും മികച്ച രീതിയിൽ ഇനിയും തുടരാൻ കഴിയുമെന്നും ആളുകളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.

‘‘ഞങ്ങളുടെ സംഘടന വർഷങ്ങളായി പോരാടുന്നു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 18 പുരുഷന്മാർ അവരുടെ ജീവിതം ദുസ്സഹമാക്കിയ ദാമ്പത്യത്തിൽനിന്ന് മോചിതരായി. ഹെൽപ‌്‌ലൈൻ മുഖേന ഞങ്ങൾ അവരെ മാനസികമായി ശക്തിപ്പെടുത്തുന്നു. ഒട്ടുമിക്ക കേസുകളിലും സെറ്റിൽമെന്റിനായി വലിയ തുക നൽകേണ്ടിവന്നു. അതിനാൽ ഇവർ കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോയത്. പുതിയ ജീവിതത്തിൽ പുത്തൻ ആവേശത്തോടെ മുന്നോട്ടുപോകാൻ ഇത്തരമൊരു പരിപാടിയുടെ ആവശ്യകതയുണ്ട്. ഇത്തരമൊരു ചടങ്ങ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.’’– സാക്കി അഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here